Kerala

നഗ്നതാ പ്രദർശനം; പരാതിക്ക് പിന്നാലെ നെട്ടയത്ത് സിപിഎം–ബിജെപി സംഘർഷം: 9 പേർക്ക് പരുക്ക്

തിരുവനന്തപുരം∙ നെട്ടയത്ത് മലമുകളിൽ ബിജെപി നേതാവിന്റെ ഭാര്യയെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ തുടങ്ങിയ തർക്കം സിപിഎം–ബിജെപി സംഘർഷത്തിൽ കലാശിച്ചു. കല്ലേറിലും ലാത്തിച്ചാർജിലും 4 ബിജെപി പ്രവർത്തകർക്കും 5 പൊലീസുകാർക്കും പരുക്കേറ്റു. കല്ലേറിൽ വട്ടിയൂർക്കാവ് സ്റ്റേഷനിലെ സിപിഒ ദീപുവിന് തലയ്ക്കു ഗുരുതര പരുക്കേറ്റു.

ബിജെപി നേതാവിന്റെ ഭാര്യയെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന സംഭവത്തിൽ വട്ടിയൂർക്കാവ് പൊലീസിൽ കുടുംബം പരാതി നൽകിയിരുന്നു. ഇവരുടെ ഭർത്താവിനെ സിപിഎം പ്രവർത്തകർ ഇന്നലെ ഉച്ചയ്ക്ക് തടഞ്ഞുവച്ചെന്നാണ് ആരോപണം. ഇതെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രാത്രി ഏഴരയോടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി. ഇത് സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യംചെയ്തു. തുടർന്നു ചേരിതിരിഞ്ഞ് ഇവർ ഏറ്റുമുട്ടി.

സ്ഥലത്തെത്തിയ പൊലീസിനു നേരെയും കല്ലേറുണ്ടായി. ലാത്തിച്ചാർജിൽ 4 ബിജെപി പ്രവർത്തകർക്കു പരുക്കേറ്റു. രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്ന സ്ഥലമാണ് മലമുകൾ. കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു. പൊലീസുകാരെ ആക്രമിച്ച സംഭവത്തിലും കേസെടുക്കും. രാത്രി ബിജെപി വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നു ബിജെപി ആരോപിച്ചു.ഇവിടെയുള്ള 8 കുടുംബങ്ങൾ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിച്ചിരുന്നു. പരാതിയിലുള്ള കോൺഗ്രസ് അനുഭാവിക്ക് പിന്തുണയുമായാണ് സിപിഎം പ്രവർത്തകർ എത്തിയതെന്നും ബിജെപി ആരോപിച്ചു. അയൽക്കാരും ബന്ധുക്കളുമായ രണ്ടുപേർ തമ്മിലുള്ള അതിർത്തിത്തർക്കവും സംഘർഷങ്ങൾക്കു കാരണമായതായി പറയുന്നുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.