മുംബൈയിലെ തിരക്കേറിയ സാക്കി നാക്കയിലെ ഒരു കഫേ. അവിടെ മങ്ങിയ വെളിച്ചത്തിൽ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന യുവതി. അവൾ കുടിച്ചുതീർത്തത് ആറ് ടെക്വില ഷോട്ടുകൾ. വെറും 40 മിനിറ്റ് നീണ്ട ഡേറ്റിങ്ങിന് ഒടുവിൽ യുവാവിന് ലഭിച്ച ബില്ല് 18,000 രൂപയ്ക്ക് മുകളിൽ! പ്രണയം തേടിയിറങ്ങുന്നവരെ ലക്ഷ്യമിട്ട് മുംബൈയിൽ പ്രവർത്തിക്കുന്ന ഒരു വൻ തട്ടിപ്പ് സംഘത്തിന്റെ തിരക്കഥയിലെ ഒരു രംഗം മാത്രമാണിത്. എന്നാൽ ഇത്തവണ അവർക്ക് പിഴച്ചു. മുന്നിലിരുന്ന ഇര ഒരു ഡെക്കോയ് (വഞ്ചിക്കാൻ പ്ലാൻ ചെയ്തു വരുന്നവർ) ആണെന്ന് അവർ അറിഞ്ഞില്ല.
∙ തട്ടിപ്പിന്റെ തുടക്കം38കാരനായ പങ്കജ് യാദവ് ഒരു സന്നദ്ധ പ്രവർത്തകനാണ്. തന്റെ സുഹൃത്ത് ഇതേ കഫേയിൽ സമാനമായ രീതിയിൽ തട്ടിപ്പിനിരയായതും ഭീഷണി നേരിട്ടതും അറിഞ്ഞപ്പോഴാണ് പങ്കജ് ഇതിനെതിരെ രംഗത്തിറങ്ങാൻ തീരുമാനിച്ചത്. തന്റെ എൻജിഒ പ്രവർത്തകരുമായി ചേർന്ന് അദ്ദേഹം ഡേറ്റിങ് ആപ്പുകളിൽ നിരീക്ഷണം നടത്തി. സാക്കി നാക്ക മെട്രോ സ്റ്റേഷന് സമീപം ഉടൻ നേരിട്ട് കാണണമെന്ന് നിർബന്ധിക്കുന്ന യുവതികളെ നിരീക്ഷിച്ചതിൽ നിന്നാണ് ‘മഹിമ’ എന്ന യുവതി പങ്കജിന്റെ വലയിൽ വീഴുന്നത്.
∙ ഒരു വ്യാജ ഡേറ്റിങ്മാർച്ച് 14ന് വൈകിട്ട് അഞ്ചു മണിയോടെയാണ് മഹിമയും പങ്കജും കാണാൻ തീരുമാനിച്ചത്. മഹിമയുടെ നിർദേശപ്രകാരം അവർ ‘ക്ലബ് കഫേ’ എന്ന സ്ഥാപനത്തിലേക്ക് പോയി. കാഴ്ചയിൽ ഒരു സാധാരണ കഫേ എന്ന് തോന്നുമെങ്കിലും അവിടെ നടന്നിരുന്നത് പക്കാ ക്രിമിനൽ പ്ലാനിങ് ആയിരുന്നു. 6 ടെക്വില ഷോട്ടുകൾ, ഫ്രഞ്ച് ഫ്രൈസ്, ക്രിസ്പി വെജിറ്റബിൾസ്, ഒരു പാക്കറ്റ് സിഗരറ്റ് എന്നിവയാണ് ഓർഡർ ചെയ്തത്. ബില്ല് വന്നത് 18,616 രൂപയും. എന്നാൽ മഹിമ കുടിച്ച ടെക്വില എല്ലാം വെറും പച്ചവെള്ളമായിരുന്നു! എന്നാൽ ആ ഓരോ ഷോട്ടിനും 3000 രൂപയാണ് കഫേ ഈടാക്കിയത്. ബില്ല് വന്നയുടൻ മഹിമ തന്ത്രപരമായി അവിടെനിന്ന് മാറാൻ ശ്രമിച്ചു. എന്നാൽ, പങ്കജ് നൽകിയ സൂചന പ്രകാരം പുറത്ത് സിവിൽ ഡ്രസ്സിൽ കാത്തുനിന്ന ഇൻസ്പെക്ടർ സുശാന്ത് ബന്ദ്‌ഗറും സംഘവും അകത്തേക്ക് ഇരച്ചുകയറി.
∙ പിന്നിൽ പ്രവർത്തിക്കുന്ന ‘ഡൽഹി മാസ്റ്റർമൈൻഡ്’മുംബൈ ഡിസിപി ദത്ത നലവാഡെയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത് ഡൽഹിയിൽ നിന്നുള്ള ഷുഹൈബ്, അസിം സിദ്ദിഖി എന്നിവരാണെന്ന് പൊലീസ് കണ്ടെത്തി. ഡേറ്റിങ് ആപ്പുകളിൽ യുവതികളുടെ പേരിൽ യുവാക്കളുമായി ചാറ്റ് ചെയ്യുന്നത് സംഘത്തിലെ പുരുഷന്മാരാണെന്ന് കണ്ടെത്തി. ഇരകൾ കാണാൻ സമ്മതിച്ചാൽ ഉടൻ ചാറ്റ് വാട്സാപ്പിലേക്ക് മാറ്റും. തെളിവ് നശിപ്പിക്കാൻ ഡേറ്റിങ് ആപ്പിലെ അക്കൗണ്ട് അൺമാച്ച് ചെയ്യും. മീറ്റിങ് ഉറപ്പായാൽ ഡൽഹിയിൽ നിന്നും യുപിയിൽ നിന്നും മുംബൈയിൽ എത്തിച്ച 18-24 വയസ്സുള്ള യുവതികളെ ഈ ‘ഡേറ്റിനായി’ നിയോഗിക്കും. ബില്ല് അടയ്ക്കാൻ വിസമ്മതിക്കുന്നവരെ കഫേയിലെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടും.
∙ നിയമത്തിന്റെ വലയിൽപൊലീസ് റെയ്ഡ് നടക്കുമ്പോൾ മറ്റൊരു യുവാവിനെ ഗുണ്ടകൾ വളഞ്ഞുനിന്ന് 25,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. കഫേയിലെ മദ്യം പരിശോധിച്ചപ്പോൾ അത് വ്യാജമാണെന്നും വെറും വെള്ളമാണെന്നും കണ്ടെത്തി. കേസിൽ ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തു. ‘ഇതൊരു തട്ടിപ്പ് മാത്രമല്ല, മറിച്ച് ഏകാന്തതയെ ചൂഷണം ചെയ്യുന്ന ഒരു സംവിധാനമാണ്. സൈക്കോളജിയും സമയവും വിശ്വാസവും ആയുധമാക്കിയാണ് ഇവർ മനുഷ്യരെ ചതിക്കുന്നത്,’ – പങ്കജ് യാദവ് പറഞ്ഞു.
∙ ജാഗ്രത പാലിക്കുകടിൻഡർ, ബംബിൾ തുടങ്ങി ആപ്പുകൾക്ക് പുറമെ മാട്രിമോണിയൽ സൈറ്റുകളായ ഷാദി ഡോട്ട് കോം, ജീവൻസാത്തി എന്നിവ വഴിയും ഈ സംഘം ഇരകളെ കണ്ടെത്തിയിരുന്നതായി പൊലീസ് പറയുന്നു. നൂറുകണക്കിന് ആളുകൾ തട്ടിപ്പിനിരയായെങ്കിലും നാണക്കേട് ഭയന്ന് 15 പേർ മാത്രമാണ് പരാതി നൽകാൻ തയാറായത്. പ്രണയത്തിനും സൗഹൃദത്തിനും വേണ്ടി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുമ്പോൾ പെട്ടെന്ന് നേരിട്ട് കാണാൻ നിർബന്ധിക്കുന്നവരെയും പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് ക്ഷണിക്കുന്നവരെയും കരുതിയിരിക്കണമെന്ന് മുംബൈ പൊലീസ് മുന്നറിയിപ്പ് നൽകുന്നു.














