National

തറയിൽ മുഖം അമർത്തി വിലങ്ങണിയിച്ചു, പരിഗണിച്ചത് ക്രിമിനലിനെ പോലെ: യുഎസിൽ ഇന്ത്യൻ വിദ്യാർഥിക്ക് അതിക്രൂര പീഡനം

ന്യൂഡൽഹി∙ നാടുകടത്തുന്നതിന് മുൻപ് ന്യൂജഴ്സിയിലെ നെവാർക്ക് ‌വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥി ഉദ്യോഗസ്ഥരിൽനിന്ന് അതിക്രൂര പീഡനം നേരിട്ടതായി ആരോപണം. ഇന്ത്യൻ–അമേരിക്കൻ സംരഭകൻ കുനാൽ ജെയ്നാണ് ആരോപണം ഉന്നയിച്ചത്. തറയിൽ മുഖം അമർത്തിപ്പിടിച്ച് യുവാവിനെ വിലങ്ങണിയിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും കുനാൽ ജെയ്ൻ എക്സിൽ പങ്കുവച്ചു.

‘‘നെവാർക്ക് വിമാനത്താവളത്തിൽ വച്ച് നാടുകടത്തപ്പെട്ട ഒരു ഇന്ത്യൻ വിദ്യാർഥിയെ കണ്ടു. കയ്യിൽ വിലങ്ങുണ്ടായിരുന്നു. അവൻ കരയുകയായിരുന്നു, ക്രിമിനലിനെപ്പോലെയായിരുന്നു അവനെ പരിഗണിച്ചത്. സ്വപ്നങ്ങളെ പിന്തുടർന്നാണ് അവനെത്തിയത്, അല്ലാതെ ആരെയും ഉപദ്രവിക്കാനല്ല. ഒരു എൻആർഐ എന്ന നിലയിൽ ഹൃദയം തകർന്നു. ഇതു മനുഷ്യദുരന്തമാണ്’’– ജെയിൻ എക്സിൽ കുറിച്ചു. വിഷയം അന്വേഷിക്കാനും വിദ്യാർഥിക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും യുഎസിലെ ഇന്ത്യൻ എംബസിയിൽ വിളിച്ച് ജെയിൻ ആവശ്യപ്പെടുകയും ചെയ്തു.

‘‘സമീപത്തായി 50 ഓളം പേരുണ്ടായിരുന്നു. എന്തെങ്കിലും പറയാൻ ആരും ധൈര്യപ്പെട്ടില്ല. ഹിന്ദി മനസ്സിലാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടായിരുന്നു. വിദ്യാർഥി സംസാരിച്ചിരുന്നത് ഹരിയാനവി ഭാഷയിലായിരുന്നു. വിദ്യാർഥി പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ സഹായിക്കാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അവർ എന്നെ അതിന് അനുവദിച്ചില്ല. കൂടുതൽ പൊലീസുകാരെ വിളിക്കുകയാണ് അവർ ചെയ്തത്. വിദ്യാർഥിയെ വിമാനത്തിലും കയറ്റിയില്ല’’– കുനാൽ ജെയിൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

സംഭവത്തിന് പിന്നാലെ വിഷയത്തിൽ ഇന്ത്യൻ എംബസി പ്രതികരിച്ചു. യുഎസിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും എംബസി സമൂഹമാധ്യമത്തിൽ കുറിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.