മുംബൈ∙ ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ 3 വർഷങ്ങൾക്കു ശേഷം ഭർത്താവ് പിടിയിൽ. ബദലാപുർ ഈസ്റ്റിലെ താമസക്കാരനായ രൂപേഷ് ആണ് അറസ്റ്റിലായത്. 2022 ജൂലൈയിലാണ് രൂപേഷിന്റെ ഭാര്യ നീരജ മരിച്ചത്.
അപകടമരണമാണെന്നാണ് കരുതിയതെങ്കിലും ബന്ധുക്കളുടെയും ദൃക്സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യത്തെത്തുടർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തി. തുടർന്നാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തിയത്. നീരജയെ രൂപേഷ് വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രൂപേഷും നീരജയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകി. സൃഹൃത്തുക്കളായ ഋതികേഷ് രമേഷ് ചൽകെ, കുനൽ വിശ്വനാഥ് ചൗധരി എന്നിവരുമായി ചേർന്നാണ് രൂപേഷ് നീരജയെ ഒഴിവാക്കാൻ പദ്ധതി തയ്യാറാക്കിയത്. തുടർന്ന് മൂവരും ചേർന്ന് വിഷപ്പാമ്പിനെ സംഘടിപ്പിക്കുകയും ഇതിനെ ഉപയോഗിച്ച് നീരജയെ കടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ രൂപേഷിന്റെ സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു.














