World

അനുയായികൾക്കിടയിലെ ‘പ്രേതം’, ഇസ്രയേൽ ആക്രമണത്തിന്റെ സൂത്രധാരൻ; ഹമാസ് കമാൻഡറെ വധിച്ചു

ജറുസലം∙ ഹമാസിന്റെ സായുധ വിഭാഗം കമാൻഡറായ ഇസ്സുദ്ദീൻ അൽ ഹദ്ദാദ് ഗാസയിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഹദ്ദാദ് കൊല്ലപ്പെട്ട വിവരം രണ്ട് ഹമാസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. 2023 ഒക്ടോബർ 7ന് ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളും ഹമാസിന്റെ സൈനിക വിഭാഗത്തിൽ അവശേഷിച്ചിരുന്ന അവസാനത്തെ മുതിർന്ന കമാൻഡർമാരിൽ ഒരാളുമായിരുന്നു ഹദ്ദാദ് എന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.

വെള്ളിയാഴ്ച ഗാസ സിറ്റിയിലെ അപ്പാർട്മെന്റിന് നേരെയും വാഹനത്തിനു നേരെയും ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഹദ്ദാദും കുടുംബവും കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്താക്കൾ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ നിരവധി ഇസ്രയേലി തടവുകാരെ ഹമാസിന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചതിനു പിന്നിൽ ഹദ്ദാദായിരുന്നുവെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

ഗാസയിലെ യുദ്ധം നിർത്തലാക്കാൻ ഇരുപക്ഷവും അംഗീകരിച്ച വെടിനിർത്തലിന് ശേഷം ഇസ്രയേൽ വധിക്കുന്ന ഏറ്റവും മുതിർന്ന ഹമാസ് നേതാവാണ് ഹദ്ദാദ് എന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹദ്ദാദിന്റെയും ഭാര്യയുടെയും മകളുടെയും സംസ്കാര ചടങ്ങുകൾ ശനിയാഴ്ച മധ്യ ഗാസയിലെ അൽ അഖ്സ ശുഹദാ മസ്ജിദിൽ നടന്നു.

∙ ആരാണ് ഇസ്സുദ്ദീൻ അൽ ഹദ്ദാദ്?

1970 ൽ ജനനം. 2025 മെയ് മാസത്തിൽ മുഹമ്മദ് സിൻവറിനെ ഇസ്രയേൽ വധിച്ചതിന് ശേഷമാണ് ഗാസയിലെ ഹമാസിന്റെ സൈനിക തലവനായി ചുമതലയേറ്റത്. ഇസ്രയേലിന്റെ പല വധശ്രമങ്ങളിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടിട്ടുള്ളതിനാൽ ഹമാസ് വൃത്തങ്ങൾക്കിടയിൽ ‘പ്രേതം’ എന്നൊരു വിളിപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു. 1980കളിൽ ഹമാസ് രൂപീകൃതമായ കാലം മുതൽ സംഘടനയിൽ പ്രവർത്തിക്കുന്ന ഹദ്ദാദ് പല മുതിർന്ന പദവികളും കൈകാര്യം ചെയ്തിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.