ധാക്ക ∙ ബംഗ്ലദേശിൽ ഹിന്ദു വിഭാഗത്തിൽപ്പെട്ട ബിസിനസുകാരനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ബുധനാഴ്ച രാത്രി 9.30ഓടെയാണ് ഖോകോൺ ചന്ദ്ര ദാസ് എന്നയാൾ ആക്രമണത്തിനു ഇരയായത്. അക്രമികൾ പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ ഖോകോൺ ചന്ദ്ര ദാസിനെ ധാക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി വ്യാപാര സ്ഥാപനം പൂട്ടി വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ വരുമ്പോഴാണ് ദാസ് ആക്രമിക്കപ്പെട്ടത്. അക്രമികൾ വ്യാപാരി സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടുകയായിരുന്നു. ശേഷം തലയിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി. പൊള്ളലേറ്റ ദാസ് സമീപത്തുള്ള കുളത്തിൽ ചാടിയാണ് രക്ഷപ്പെട്ടത്. നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ ഓടിപ്പോയി. തുടർന്നു സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മികച്ച ചികിത്സയ്ക്കായി ധാക്കയിലേക്കു മാറ്റി. അക്രമികളെ തിരിച്ചറിഞ്ഞതായും രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും ദാമുദ്യ പൊലീസ് സ്റ്റേഷൻ ഓഫിസർ അറിയിച്ചതായി ബംഗ്ലദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.














