കൊച്ചി ∙ ഡോ. വന്ദനദാസ് കൊലക്കേസിൽ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ പ്രതി ജി. സന്ദീപ് അപ്പീലുമായി ഹൈക്കോടതിയിൽ. ഒരുവിഭാഗം സാക്ഷികളെ മാത്രം വിശ്വാസത്തിലെടുത്തുകൊണ്ടും പ്രതിയുടെ മാനസികനില തെറ്റായി പരിഗണിച്ചുകൊണ്ടുമാണ് വിചാരണ കോടതി ശിക്ഷിച്ചതെന്നും അതിനാൽ ഈ ഉത്തരവ് റദ്ദാക്കണമെന്നുമാണ് അപ്പീലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യപരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി സർജിക്കൽ കത്രിക ഉപയോഗിച്ച് ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്നു വർഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിനെതിരെയാണ് സന്ദീപിന്റെ അപ്പീൽ.
സംഭവം നടക്കുമ്പോൾ പ്രതിയുടെ മാനസിക നില ഏതു വിധത്തിലായിരുന്നു എന്ന് ശരിയായി പരിശോധിക്കാതെയാണ് വിചാരണ കോടതി ശിക്ഷ വിധിച്ചതെന്ന് അപ്പീലിൽ പറയുന്നു. തന്നെ ആരോ കൊലപ്പെടുത്താൻ വരുന്നു എന്ന മതിഭ്രമത്തിലായിരുന്നു പ്രതി. ഇക്കാര്യം അയൽവാസികളോയും പൊലീസിനോടും പ്രതി തന്നെയാണ് പറഞ്ഞത്. മതിഭ്രമത്തിൽ അകപ്പെട്ടിരിക്കുന്ന ആളുടെ മാനസികാവസ്ഥയാണ് ഇത്. പ്രതിയുടെ മാനസികനിലയെക്കുറിച്ചുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും വിചാരണ കോടതി ശരിയായ വിധത്തിലോ ശാസ്ത്രീയമായോ അല്ല പരിഗണിച്ചത്. പ്രതിക്ക് അനുകൂലമായ വിധത്തിൽ സമർപ്പിക്കപ്പെട്ടിരുന്ന െതളിവുകളൊന്നും പരിഗണിക്കപ്പെട്ടില്ല. പകരം, ചില സാക്ഷിമൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കുകയായിരുന്നു എന്നും അപ്പീലിൽ പറയുന്നു.














