National

എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ടീമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. അപകടമുണ്ടായി 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത് അന്വേഷണത്തിലെ സുപ്രധാന ചുവടുവയ്പ്പ് എന്നും വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ബ്ലാക്ക് ബോക്സ് കണ്ടെടുത്തതിനെ തുടര്‍ന്ന് അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

എഞ്ചിനുകള്‍ക്ക് സംഭവിച്ച തകരാര്‍ അപകടത്തിലേക്ക് നയിച്ചുവെന്നാണ് ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള പ്രാഥമിക വിലയിരുത്തല്‍. വീണ്ടെടുത്ത ബ്ലാക്ക് ബോക്‌സ് ശാസ്ത്രീയ പരിശോധന നടത്തിയാലേ യഥാര്‍ഥ കാരണം അറിയാനാകൂ. ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറും, കോക്പിറ്റ് വോയിസ് റെക്കോര്‍ഡറും അടങ്ങിയതാണ് ബ്ലാക്ക് ബോക്‌സ്. വിമാനത്തിന്റെ വേഗത, കൈവരിച്ച ഉയരം, സാങ്കേതിക തകരാറുകള്‍, പൈലറ്റുമാരുടെ സംഭാഷണം ഉള്‍പ്പടെ 80 നിര്‍ണായക വിവരങ്ങളാണ് ബ്ലാക്ക് ബോക്‌സില്‍ ഉണ്ടാവുക. ഇത് ഡിജിസിഎയുടെ ഫൊറന്‍സിക് സയന്‍സ് ലാബിലാകും പരിശോധന നടത്തുക. ഇതിന്റെ ഫലമാകും അപകട കാരണം കണ്ടെത്താന്‍ നിര്‍ണായകമാവുക.എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ ഉദ്യോഗസ്ഥര്‍ ഡിജിസിഎയുമായി ചേര്‍ന്ന് ലഭിച്ച തെളിവുകള്‍ പരിശോധിച്ചു വരികയാണ്.

ബ്ലാക്ക് ബോക്‌സ് കൂടാതെ വിമാനത്തിലെ ഡിജിറ്റര്‍ വീഡിയോ റെക്കോഡറും, എമര്‍ജന്‍സി ലൊക്കേഷന്‍ ട്രാന്‍സ്മിറ്ററും ഇന്ന് നടത്തിയ തെരച്ചിലില്‍ കിട്ടിയിരുന്നു. ബ്രിട്ടന്റെ എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് സംഘവും, അമേരിക്കയുടെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി ബോര്‍ഡ് വിദഗ്ധരും ഇന്ത്യയില്‍ എത്തും. ഇന്ത്യയുടെ അന്വേഷണത്തിനൊപ്പം ഇരു ഏജന്‍സികളും പ്രവര്‍ത്തിക്കും. കൂടാതെ ബോയിങ് വിമാന കമ്പനിയുടെ എഞ്ചിനീയര്‍സ് അടങ്ങുന്ന സംഘവും ഇന്ത്യയിലെത്തുന്നുണ്ട്. അതിനിടെ എയര്‍ ഇന്ത്യയുടെ വിമാന അറ്റകുറ്റപ്പണി പ്രോട്ടോക്കോളില്‍ സംശയം പ്രകടിപ്പിച്ച് ഡിജിസിഎ മുന്‍ ജോയിനറ് സെക്രട്ടറി സനത് കൌള്‍ രംഗത്തെത്തി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.