Kerala

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവം; കുട്ടിയെ കുളത്തിലെറിഞ്ഞത് ജീവനോടെ, ശരീരത്തിൽ കടിച്ചതും നഖം കൊണ്ടുള്ളതുമായ പാടുകൾ‌

കൊൽക്കത്ത ∙ ബംഗാളിലെ ബാരൂപൂരിൽ ചാക്കിൽ കെട്ടി കുളത്തിൽ തള്ളിയ നിലയിൽ കണ്ടെത്തിയ 11 വയസ്സുകാരിയായ പെൺകുട്ടിയുടെ മരണ കാരണം തലയ്ക്കേറ്റ ഗുരുതരമായ പരുക്കും വെള്ളത്തിൽ വീണുള്ള ശ്വാസംമുട്ടലുമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായും ജീവനോടെയാണ് കുളത്തിലേക്ക് എറിഞ്ഞതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൊൽക്കത്തയിൽ നിന്ന് 25 കിലോമീറ്റർ അകലെ സൗത്ത് 24 പർഗാനാസിലാണ് സംഭവം. ശനിയാഴ്ച കൂട്ടുകാരിക്ക് ജന്മദിന സമ്മാനം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഞായറാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കുളത്തിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ പ്രകോപിതരായ ജനക്കൂട്ടം, കുറ്റവാളിയെന്ന് സംശയിക്കുന്ന യുവാവിനെ തല്ലിക്കൊന്നിരുന്നു.

പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായി പരുക്കേറ്റതായും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കടിച്ചു കീറിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. നഖം കൊണ്ടുള്ള പാടുകളും ശരീരത്തിലുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കുട്ടിയുടെ തലയിൽ ആയുധം കൊണ്ട് അടിക്കുകയോ കഠിനമായ പ്രതലത്തിൽ തല ഇടിക്കുകയോ ചെയ്തിട്ടുണ്ട്. കുളത്തിലേക്ക് എറിയുമ്പോൾ പെൺകുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നാണ് ശ്വാസകോശത്തിലും വയറ്റിലും വെള്ളം കണ്ടെത്തിയതിലൂടെ വ്യക്തമാകുന്നത്. തലയ്ക്കേറ്റ പരുക്കിനെത്തുടർന്നുണ്ടായ അമിത രക്തസ്രാവവും മുങ്ങിമരണവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

കേസിലെ മുഖ്യപ്രതിയെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്നും എല്ലാ തെളിവുകളും പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി. നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ വിശകലനം ചെയ്ത് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സിസിടിവി ദൃശ്യങ്ങൾ, ഫൊറൻസിക് തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ ബാക്കി പ്രതികളെയും ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.