കൊച്ചി ∙ പേർഷ്യൻ വളർത്തുപൂച്ചയെ മൃഗാശുപത്രി അധികൃതർ കൊന്നെന്ന പരാതിയുമായി സംവിധായകൻ നാദിർഷ. കുളിപ്പിച്ച് വൃത്തിയാക്കാൻ കൊണ്ടുപോയ പൂച്ചയെ കൊന്നെന്നു സമൂഹമാധ്യമത്തിൽ ആരോപിച്ച നാദിർഷ, ആശുപത്രിക്കെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചിട്ടുണ്ട്.
‘‘മൂന്നു വർഷമായി ഞങ്ങൾക്കൊപ്പമുള്ളതാണ് സ്നോബെൽ എന്ന പേർഷ്യൻ വളർത്തുപൂച്ച. ചക്കര എന്നാണു ഞങ്ങളതിനെ വിളിച്ചിരുന്നത്. കുളിപ്പിച്ച് വൃത്തിയാക്കാനായി മകളാണ് ചക്കരയെ മൃഗാശുപത്രിയിൽ കൊണ്ടുപോയത്. മയക്കാതെ ഗ്രൂം ചെയ്യാമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. മയക്കാതെ ചെയ്യാൻ കഴിയില്ലെന്നു മകൾ പറഞ്ഞപ്പോൾ ഇതിനേക്കാൾ വലുതിനെ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് ജീവനക്കാർ പൂച്ചയുടെ കഴുത്തിൽ ചരടു കെട്ടി വലിച്ചു കൊണ്ടുപോകുകയായിരുന്നു. കുറച്ചു കഴിഞ്ഞ് പൂച്ച ചത്തെന്നു ജീവനക്കാർ അറിയിച്ചു. മയക്കുന്നതിനിടെ ഹൃദയാഘാതം വന്നതാണു കാരണമെന്നും പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്’’–നാദിർഷ പറഞ്ഞു.
അതേസമയം, പൂച്ചയ്ക്ക് അനസ്തേഷ്യ നൽകിയത് ഡോക്ടർ തന്നെയാണെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി ഉടമ ഡോ. അനീഷ് ആന്റണി പറഞ്ഞു. കൃത്യമായ അളവിലാണു മരുന്നു നൽകിയത്. പെട്ടെന്നാണ് ഹൃദയസ്തംഭനമുണ്ടായതെന്നും ഡോക്ടർ പറഞ്ഞു. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.