Kerala

കേരളത്തിലേക്ക് ട്രിപ്പ്, പോക്കറ്റ് മണിക്കായി കഞ്ചാവ് കടത്ത്’; 2 യുവതികൾ പിടിയിൽ

കൊച്ചി ∙ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശിനികളായ രണ്ടു യുവതികൾ പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താന (21), അനിത ഖാതൂൻ ബിബി (29) എന്നിവരാണു പിടിയിലായത്. മുർഷിദാബാദിൽ നിന്ന് എത്തിയ ഇവർ മൂന്നു ട്രോളി ബാഗിലാണു കഞ്ചാവ് എറണാകുളത്തെത്തിച്ചത്. ഇരുവരും പാലക്കാടു മുതൽ നിരീക്ഷണത്തിലായിരുന്നു.

ഇന്നലെ രാവിലെ പത്തോടെ നോ‍ർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ രണ്ടു പേരെയും രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ആർപിഎഫ്, ആർപിഎഫ് ക്രൈം സ്ക്വാഡ്, ഗവ. റെയിൽവേ പൊലീസ്, ഡാൻസാഫ് സംഘങ്ങൾ ചേർന്ന് ഇന്നലെ രാവിലെ മുതൽ സ്റ്റേഷനിൽ പരിശോധന കർശനമാക്കിയിരുന്നു. ബാഗുകളുമായി സ്ഥലംവിടാന്‍ ശ്രമിച്ച യുവതികളെ സംശയം തോന്നിയ വനിത പൊലീസ് ഉദ്യോഗസ്ഥരാണ് തടഞ്ഞത്.

തുടർ നടപടികൾക്കായി ഗവ. റെയിൽവേ പൊലീസിന് ഇരുവരെയും കൈമാറി. റെയിൽവേ പൊലീസാണ് കേസെടുത്തത്. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. കേരളത്തിലേക്ക് ട്രിപ്പെന്ന പേരിലായിരുന്നു ഇരുവരുടെയും ലഹരിക്കടത്ത്.ബെംഗളൂരുവിൽനിന്നാണ് ഇരുവരും കൊച്ചിയിലേക്ക് ട്രെയിന്‍ കയറിയത്. സാധാരണ പാലക്കാടാണ് ഇത്തരംസംഘങ്ങള്‍ കഞ്ചാവ് എത്തിക്കാറുള്ളത്. പരിശോധനകള്‍ കര്‍ശനമാക്കിയതോടെ ഇത്തവണ റൂട്ടു മാറ്റിപിടിച്ചെങ്കിലും കുടുങ്ങുകയായിരുന്നു. രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ സോണിയ, പോക്കറ്റ് മണിക്കായി നേരത്തെയും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. ഓര്‍ഡര്‍ പ്രകാരമുള്ള കഞ്ചാവ് ബംഗാളില്‍ നിന്ന് കേരളത്തിലെത്തിച്ച് നല്‍കുന്ന കാരിയേഴ്സാണ് യുവതികള്‍.

സുരക്ഷിതമായി എത്തിക്കുന്ന ഓരോ കിലോ കഞ്ചാവിനും കമ്മിഷന്‍ ലഭിക്കും . കഞ്ചാവ് കൈമാറി അധികം താമസിയാതെ നാട്ടിലേക്ക് മടങ്ങും. ലഹരിക്കടത്തില്‍ യുവതികള്‍ ഒറ്റയ്ക്കായിരുന്നില്ല മറ്റൊരു യുവാവും ഒപ്പമുണ്ടായിരുന്നു. പൊലീസെത്തുന്നത് കണ്ട് ഇയാള്‍ രക്ഷപ്പെട്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.