ഹൈദരാബാദ്∙ തെലങ്കാനയിൽ 13 വയസുകാരിയെ 40കാരന് വിവാഹം കഴിപ്പിച്ച് നൽകിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. വിവാഹത്തിന്റെ ദൃശ്യങ്ങൾ അടക്കം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ് പ്രദേശവാസികളിൽ നിന്നും സാമൂഹ്യപ്രവർത്തകരിൽ നിന്നും ഉയർന്നത്. പിന്നാലെയാണ് വരനായ 40കാരൻ, വിവാഹത്തിന് മുൻകയ്യെടുത്ത പുരോഹിതൻ, ഇടനിലക്കാരൻ, 40കാരന്റെ ഭാര്യ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്.
പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനാണ് വിവാഹത്തിന്റെ വിവരം പൊലീസിൽ അറിയിച്ചത്. ഹൈദരാബാദിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള നന്ദിഗമയിൽ ആയിരുന്നു നിയമവിരുദ്ധ ശൈശവ വിവാഹം നടന്നത്. പൊലീസിന് ലഭിച്ച ദൃശ്യങ്ങളിൽ, പെൺകുട്ടി മാലയുമായി 40 വയസുകാരന്റെ മുൻപിൽ നിൽക്കുന്നതും ഇയാളുടെ ഭാര്യയും പുരോഹിതനും സമീപത്തു നിൽക്കുന്നതും കാണാം. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.