Uncategorized

‘അതുകൊണ്ടാണ് പത്ത് നാല്‍പത് കൊല്ലമായിട്ട് ഇവിടെ നില്‍ക്കുന്നത്’; ധ്യാൻ ശ്രീനിവാസനോട് സിദ്ദിഖ്

ദിലീപും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ വിജയത്തിന്റെ ഭാ​ഗമായി ഇന്നലെ അണിയറപ്രവർത്തകർ പത്ര സമ്മേളനവും നടത്തിയിരുന്നു. പത്ര സമ്മേളനത്തിൽ ന‌ടൻ സിദ്ദിഖിനെ ട്രോളുന്ന ധ്യാൻ ശ്രീനിവാസന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു.ധ്യാനിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി സിദ്ദിഖും രം​ഗത്തെത്തി. ഓരോ സീനും എടുക്കുന്നതിന് മുന്‍പ് സിദ്ദിഖും ദിലീപും സിനിമയിൽ ചേർക്കേണ്ട തമാശകളെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടായിരുന്നെങ്കിലും ആക്ഷന്‍ പറയുന്നതിന് മുന്‍പ് സംവിധായകന്‍ ബിന്‍റോ സ്റ്റീഫന്‍ ആ നിര്‍ദ്ദേശങ്ങളെല്ലാം തള്ളിക്കളഞ്ഞിരുന്നുവെന്നുമാണ് ധ്യാൻ പറഞ്ഞത്.

ധ്യാൻ പൊട്ടിച്ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും സിദ്ദിഖിന്റെ ഉത്തരം ഗൗരവത്തിലുള്ളതായിരുന്നു. ഒരു കഥാപാത്രം കിട്ടിക്കഴിഞ്ഞാല്‍ ആ കഥാപാത്രം ഏറ്റവും നന്നാവണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ട് കൂടുതൽ നന്നാവാനായി സഹ താരങ്ങളോടൊപ്പം ചർച്ച ചെയ്യാറുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.കിട്ടുന്നതില്‍ തൃപ്തനാവാതെ കഥാപാത്രത്തെ കൂടുതല്‍ കൂടുതല്‍ നന്നാക്കാനുള്ള ശ്രമങ്ങൾ ചെയ്യുന്നതു കൊണ്ടാണ് പത്തു നാല്‍പത് കൊല്ലമായിട്ട് താൻ സിനിമയിൽ നിൽക്കുന്നതെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

“ഞാനും ദിലീപും ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമല്ല, ഞങ്ങള്‍ മറ്റ് താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോഴും ഒരു സീന്‍ കിട്ടിക്കഴിഞ്ഞാല്‍ പരമാവധി ഇംപ്രൊവൈസ് ചെയ്യാന്‍ ശ്രമിക്കും. അത് ഹ്യൂമര്‍ മാത്രമല്ല, പല കാര്യങ്ങളും നമ്മള്‍ അങ്ങനെ ചെയ്യാറുണ്ട്. ഷാരിസിനോടും ബിന്‍റോയോടും ചോദിച്ചാല്‍ അറിയാം.

അത് ദിലീപും ഞാനുമൊക്കെ സ്ഥിരം ചെയ്യുന്നതാണ്. ഷാരിസും ബിന്‍റോയും വന്നിട്ട് അത് വേണ്ട എന്ന് പറഞ്ഞത് ഇവന്‍ (ധ്യാന്‍) എപ്പോള്‍ കേട്ടു എന്നതാണ് എനിക്ക് മനസിലാവാത്തത്. അത് വേണ്ട എന്ന് പറഞ്ഞിട്ടില്ല അവര്‍. ഒരു കഥാപാത്രത്തിന്‍റെ ചട്ടക്കൂട് മാത്രമാണ് അവര്‍ നമുക്ക് തരുന്നത്. അതിന് മജ്ജയും മാസവും ഒക്കെ വച്ചുപിടിപ്പിച്ച് അതിനൊരു സ്വഭാവം കൊണ്ടുവരേണ്ടത് നമ്മളാണ്.

എനിക്കൊരു കഥാപാത്രത്തെ കിട്ടിക്കഴിഞ്ഞാല്‍ ആ കഥാപാത്രം ഏറ്റവും നന്നാവണമെന്ന് ഏറ്റവും ആഗ്രഹിക്കുന്നത് ഞാനാണ്. അതിന്‍റെ സംവിധായകനും തിരക്കഥാകൃത്തിനും എത്രയോ ആളുകളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. എനിക്ക് എന്‍റെ കാര്യം മാത്രം നോക്കിയാല്‍ മതി.

കിട്ടുന്നതില്‍ തൃപ്തനാവാതെ അതിനെ കൂടുതല്‍ കൂടുതല്‍ നന്നാക്കാനുള്ള ശ്രമം ഒരുപാട് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണെടാ പത്ത് നാല്‍പത് കൊല്ലമായിട്ട് ഇവിടെ നില്‍ക്കുന്നത്, ധ്യാനെ”, – സിദ്ദിഖ് പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.