Kerala

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു; സിബിഐ അന്വേഷണത്തിൽ വീഴ്ചയെന്ന് കോടതി

കൊച്ചി ∙ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ മുഴുവൻ പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു. കേസിന്റെ അന്വേഷണത്തിൽ സിബിഐക്ക് വീഴ്ച പറ്റി എന്നു വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്. കേസില്‍ ഒന്നാം പ്രതിക്ക് വിധിച്ചിരുന്ന വധശിക്ഷയും കോടതി റദ്ദാക്കിയിട്ടുണ്ട്.

‌നഗരത്തിലെ ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്നു കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാർ (28) തുടയിലെ രക്തധമനികൾ പൊട്ടി 2005 സെപ്റ്റംബർ 27നു രാത്രി പത്തരയോടെയാണു മരിച്ചതാണ് കേസ്. തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി കൊന്നുവെന്നാണു സിബിഐയുടെ കണ്ടെത്തൽ. ഇരുമ്പുപൈപ്പുകൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസുപോലും ചാർജ് ചെയ്യാതെയാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത് എന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 2008 ഓഗസ്റ്റിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ.ജിതകുമാർ, എസ്.വി.ശ്രീകുമാർ, പിന്നീട് ഡിവൈഎസ്പിയായ അജിത് കുമാർ, മുൻ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവരായിരുന്ന കേസിലെ പ്രതികൾ. ഇതിൽ ഒന്നാം പ്രതി ജിതകുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി 2018ൽ വധശിക്ഷ വിധിച്ചു. ഇതിൽ ശ്രീകുമാർ 2020ൽ മരണമടഞ്ഞു. അഞ്ചു മുതൽ ഏഴു വരെ പ്രതികളായ അജിത് കുമാർ, ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവർക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, കൃത്രിമ രേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരുന്നു. 3 വർഷം തടവായിരുന്നു ഇവർക്ക് ശിക്ഷ. കൊല നടക്കുമ്പോൾ അജിത്കുമാർ ഫോർട്ട് സ്റ്റേഷനിലെ എസ്ഐയും സാബു സിഐയും ആയിരുന്നു. ഹരിദാസ് അസിസ്റ്റന്റ് കമ്മിഷണറും. മൂന്നാം പ്രതി എഎസ്ഐ കെ.വി.സോമനേയും കുറ്റക്കാരനായാണ് കണ്ടെത്തിയതെങ്കിലും വിചാരണ വേളയിൽ മരിച്ചതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. നാലാം പ്രതി വി.പി.മോഹനനെ വിചാരണ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ആദ്യ മൂന്നു പ്രതികളായിരുന്നു കുറ്റകൃത്യത്തിൽ നേരിട്ടു പങ്കാളികളായത്. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 13 വർഷത്തിനു ശേഷം 2018ലാണ് പൊലീസുകാരെ ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നത്. എന്നാല്‍ മുഴുവൻ പൊലീസുകാരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിയാണ് മരണത്തിന് 20 വര്‍ഷത്തിനു ശേഷം പുറത്തു വരുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.