സ്വർണവില കേരളത്തിൽ വീണ്ടും റെക്കോർഡ് ഉയരത്തിൽ. ഗ്രാമിന് ഇന്ന് 65 രൂപ വർധിച്ച് വില 9,470 രൂപയും പവന് 520 രൂപ ഉയർന്ന് 75,760 രൂപയുമായി. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് രേഖപ്പെടുത്തിയ അതേ റെക്കോർഡിലേക്ക് വില ഇന്നു വീണ്ടും തിരിച്ചെത്തി. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് കൂടിയത്. ജിഎസ്ടിയും (3%), ഹോൾമാർക്ക് ചാർജും (53.10 രൂപ), പണിക്കൂലിയും (3 മുതൽ 35% വരെ) കൂടിച്ചേരുമ്പോൾ വില വർധനയുടെ ഭാരം ഇതിലുമേറെയാണെന്നത് ഉപഭോക്താക്കളെ വലയ്ക്കും.
അതേസമയം, സ്വർണവില കുറഞ്ഞുനിന്നപ്പോൾ മുൻകൂർ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തിയവർ ഒട്ടേറെയാണ്. അതിനാൽ, നിലവിൽ വില ഉയർന്നിട്ടുണ്ടെങ്കിലും ഷോറൂമുകളിൽ തിരക്ക് പ്രകടമാണെന്ന് വ്യാപാരികൾ പറയുന്നു. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത്, ഏതാണോ കുറവ് ആ വിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാം. വിവാഹ പാർട്ടികളാണ് ഈ സൗകര്യം ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത്.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തി. ഗ്രാമിന് 55 രൂപ വർധിച്ച് വില 7,830 രൂപയായി. അതേസമയം, ഒരു വിഭാഗം വ്യാപാരികൾ 55 രൂപ ഉയർത്തി 7,775 രൂപയിലാണ് 18 കാരറ്റ് സ്വർണം വ്യാപാരം ചെയ്യുന്നത്. ചില ജ്വല്ലറികളിൽ വെള്ളിവില ഗ്രാമിന് 128 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. മറ്റു ജ്വല്ലറികൾ അവരുടെ ഇന്നലത്തെ വിലയിൽനിന്ന് ഒരു രൂപ കൂട്ടി വില 127 രൂപയാക്കി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ വർധിച്ച് 6,055 രൂപയും 9 കാരറ്റ് വില 35 രൂപ ഉയർന്ന് 3,915 രൂപയുമായി. രണ്ടും റെക്കോർഡാണ്.