കോഴിക്കോട് ∙ വിൽപനയ്ക്ക് എത്തിച്ച 30 ഗ്രാം എംഡിഎംഎയുമായി രണ്ടു സഹോദരങ്ങൾ അടക്കം മൂന്നു പേർ പിടിയിൽ. ഇവർ താമസിക്കുന്ന വീട്ടിലെ വാതിലിനു സമീപം കാവൽ നിർത്തിയ നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടൽ നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു മുന്നിൽ വിൽപനയ്ക്കാണ് എംഡിഎംഎ എത്തിച്ചത്. അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫ് അംഗങ്ങളും പന്തീരങ്കാവ് പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
അരീക്കോട് നല്ലളം സ്വദേശികളായ അബ്ദു സമദ് (27), സാജിദ് ജമാൽ (26), ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അറഫ നദീർ (27) എന്നിവരാണ് പിടിയിലായത്. ഇവർ മൂവരും സ്ഥിരമായി ലഹരിമരുന്നു വിൽപന നടത്തുന്നവരാണ്. ഇതിൽ അബ്ദു സമദ്, സാജിദ് ജമാൽ എന്നിവരാണു സഹോദരങ്ങൾ. ഇവരെ കഴിഞ്ഞ വർഷം 18 ഗ്രാം കഞ്ചാവുമായി ബെംഗളൂരു പൊലീസ് പിടികൂടിയിരുന്നു. അന്ന് ഇവർ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. അറഫ നദീറും കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. ഓഗസ്റ്റ് 15 നാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. സാജിദും നദീറും ജയിലിൽ വച്ചാണ് പരിചയപ്പെടുന്നത്. തുടർന്ന് ലഹരിമരുന്നു കച്ചവടത്തിനായാണ് നദീറിനെ സാജിദ് കോഴിക്കോട്ടേക്കു വിളിച്ചുവരുത്തിയത്. നദീറിനു ജാമ്യത്തിൽ ഇറങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയതും സാജിദ് ആയിരുന്നു.
ഇവർ പല തവണകളായി വൻതോതിൽ എംഡിഎംഎ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ട് എത്തിച്ച് വിൽപന നടത്തിയിട്ടുണ്ട്. പ്രധാനമായും വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ഇവർ കച്ചവടം നടത്തിവന്നത്. 20 വയസ്സിൽ താഴെയുള്ള കൗമാരപ്രായക്കാരെയാണ് ഇവർ സഹായത്തിനായി കൂടെ കൊണ്ടുനടക്കാറുള്ളത്. ഉപയോഗിക്കാനുള്ള ലഹരിമരുന്നാണ് പ്രതിഫലമായി കൊടുക്കുന്നത് .നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അധികം ആരും ശ്രദ്ധിക്കാത്ത സ്ഥലങ്ങളിൽ ഫ്ലാറ്റ്, വാടക വീട് എന്നിവ എടുത്താണ് ലഹരിക്കച്ചവടം നടത്തിവന്നത്. സംശയം തോന്നാതിരിക്കാൻ ഇവർ സ്ഥിരമായി ഒരിടത്ത് ദീർഘനാൾ താമസിക്കാറില്ല. ഓരോ സ്ഥലത്തേക്കും പുതിയ താമസക്കാരായി എത്തുമ്പോൾ ഇവരുടെ കൂടെ ഓരോ യുവതികളും ഉണ്ടാവാറുണ്ട്. യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ വാടകയ്ക്കും പണയത്തിനും എടുക്കുന്ന വിലകൂടിയ ആഡംബര കാറുകളാണ്. നഗരത്തിലെ പ്രധാന മാളുകൾ, ടർഫുകൾ എന്നിവ കേന്ദ്രീകരിച്ച് ആഡംബര കാറുകളിൽ എത്തിയാണ് പ്രധാനമായും കച്ചവടം നടത്തിവന്നത്.
പലതരത്തിലുള്ള ബിസിനസുകളുടെ പേരുകൾ പറഞ്ഞാണ് ഇവർ ഫ്ലാറ്റുകളും വാടക വീടുകളും എടുത്തുവന്നത്. മുൻപ് പലതവണ തലനാരിഴയ്ക്കാണ് ഇവർ ഡാൻസാഫിന്റെ കയ്യിൽ നിന്നും വഴുതിപ്പോയത്. തുടർന്ന് പഴുതുകളടച്ച ആസൂത്രിതമായ നീക്കത്തിലൂടെയാണ് സഹോദരന്മാർ അടക്കം മൂന്നുപേരെയും ഒരുമിച്ച് ഒരു സ്ഥലത്ത് പിടികൂടാൻ പൊലീസിനു സാധിച്ചത്. സിറ്റി ഡാൻസാഫിലെ സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, എസ്‌സിപിഒ അഖിലേഷ്, ലതീഷ്, സരുൺകുമാർ, ഷിനോജ്, തൗഫീഖ്, അതുൽ, അഭിജിത്ത്, ദിനീഷ് എന്നിവരും പന്തീരാങ്കാവ് പൊലീസിലെ അംഗങ്ങളുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.