കൽപറ്റ ∙ വയനാട്ടിൽ വനംവകുപ്പിലെ വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണവിധേയനായ സെക്‌ഷന്‍ ഓഫിസറെ കുരുക്കിലാക്കി ശബ്ദരേഖ. തനിക്കെതിയുള്ള പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രതീഷ് കുമാർ പരാതിക്കാരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
തനിക്കു തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാര്‍ പറയുന്നത് ഈ ശബ്ദരേഖയിലുണ്ട്. കാലുപിടിക്കാമെന്നും കേസിനു പോകാതിരുന്നാല്‍ എന്തു ചെയ്യാനും തയാറാണെന്നും രതീഷ് പറയുന്നു. അതേസമയം തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തിനും മാനസിക ബുദ്ധിമുട്ടിനും ആരു മറുപടി പറയുമെന്നാണ് പരാതി നൽകിയ വനിതാ ഓഫിസര്‍ തിരിച്ചു ചോദിക്കുന്നത്. വനം വകുപ്പിലെ തന്നെ രണ്ട് ലൈംഗികാതിക്രമ പരാതികളില്‍ ആരോപണ വിധേയനാണ് രതീഷ് കുമാര്‍.
സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ബഹളം വച്ച് പുറത്തിറങ്ങിയതോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തി ഓഫിസിന്റെ വാതിലുകൾ കുറ്റിയിട്ട ശേഷം വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലെത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് കേസിന്റെ എഫ്ഐആറിൽ പറയുന്നു.
സംഭവം വിവാദമായതിനു പിന്നാലെ രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. വകുപ്പുതല അന്വേഷണത്തിനു ശേഷം സംഭവത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഉറപ്പു നല്‍കിയെങ്കിലും ഉന്നതതലത്തിലെ സ്വാധീനം ഉപയോഗിച്ചു രതീഷ് അത് ഒതുക്കിയെന്നും ആരോപണമുയരുന്നുണ്ട്.














