കോഴിക്കോട് ∙ സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് എത്തിച്ച തൃശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ബുധനാഴ്ചയാണ് റഹീമിനെ ഗുരുതരാവസ്ഥയിൽ ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോഴിക്കോട്ട് അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാരായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
ഗുരുതരാവസ്ഥ പരിഗണിച്ച് ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു. ഒറ്റയ്ക്കു താമസിച്ചുവന്നയാളായതിനാൽ ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗബാധയുണ്ടായത് എന്നത് കണ്ടെത്താനായിട്ടില്ല.
മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രാമനാട്ടുകര സ്വദേശിയായ 30 വയസ്സുകാരിയുമടക്കം 10 പേരാണ് നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ട് ചികില്‍സയിലുള്ളത്. ഈ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പതിനൊന്നു വയസ്സുകാരിയായ മലപ്പുറം ചേളാരി സ്വദേശിയായ കുട്ടി ബുധനാഴ്ച രോഗം പൂർണമായും ഭേദമായി ആശുപത്രി വിട്ടിരുന്നു. രോഗബാധ കൂടുതലായി കണ്ടെത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കുളങ്ങളും കിണറുകളും ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ നേരത്തേ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
വെളളിയാഴ്ച മരണമുണ്ടായ ചാവക്കാട് സ്വദേശിയുടേത് ഉൾപ്പെടെ ഏഴുപേരുടെ മരണമാണ് അമീബിക് രോഗ ബാധയെത്തുടർന്ന് കഴിഞ്ഞ ഒന്നര മാസത്തിനിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ഉണ്ടാകുന്നത്. താമരശ്ശേരി സ്വദേശിയായ അനയ (9), മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി ശോഭന (56), വയനാട് ബത്തേരി സ്വദേശിയായ രതീഷ് (45), ഓമശേരി സ്വദേശികളായ ദമ്പതികളുടെ മൂന്നു മാസം പ്രായമുളള കുഞ്ഞ്, മലപ്പുറം കണ്ണമംഗലം കണ്ണേത്ത് റംല (52), ചേലേമ്പ്ര സ്വദേശി ഷാജി (48) എന്നിവരാണ് ഇതിനു മുൻപ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.














