കണ്ണൂർ ∙ സംസ്ഥാനത്ത് ലൈംഗികാതിക്രമങ്ങളെത്തുടർന്നു ഗർഭിണികളായ 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ 5 വർഷത്തിനിടെ മൂന്നിരട്ടിയിലേറെ വർധന. 2020 ൽ ഇവരുടെ എണ്ണം 16 ആയിരുന്നെങ്കിൽ 2024 ആയപ്പോഴേക്കും 61 ആയി. ലൈംഗികാതിക്രമ അതിജീവിതരായ പെൺകുട്ടികളെ മാറ്റിത്താമസിപ്പിക്കുന്ന എൻട്രി ഹോമുകളിലെ മാത്രം കണക്കാണിത്.
സ്വന്തം വീടുകളിൽ കഴിയുന്നവരുടെകൂടി കണക്കെടുത്താൽ എണ്ണം ഇനിയും ഉയർന്നേക്കാം. 2020 മുതൽ 2025 ജൂൺ 7 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തെ എൻട്രി ഹോമുകളിൽ പ്രവേശിപ്പിക്കപ്പെട്ടത് 2312 പെൺകുട്ടികളാണ്. ഇതിൽ, 209 പേർ 18 വയസ്സിനു താഴെയുള്ള ഗർഭിണികളാണ്. ഇക്കാലയളവിൽ എൻട്രി ഹോമുകളിൽ 18 വയസ്സിനു താഴെയുള്ള 92 പേർ അമ്മമാരാകുകയും ചെയ്തു. എൻട്രി ഹോമുകളിലെ കണക്ക് (വർഷം, 18 വയസ്സിൽ താഴെയുള്ള ഗർഭിണികൾ, അമ്മമാരായവർ എന്ന ക്രമത്തിൽ) 2020 ⏩ 16–14 2021 ⏩ 38–232022⏩ 24–20 2023⏩40–152024 ⏩ 61–162025 (ജൂൺ 7 വരെ)⏩ 30 – 4














