Kerala

മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

ന്യൂഡൽഹി ∙ 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ‌ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.

ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വച്ച് മോഹൻലാലിനു അവാർഡ് സമ്മാനിക്കും. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്നും കുറിപ്പിൽ പറയുന്നു.

കഴിഞ്ഞവർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹൻ ലാലിന്റെ ജനനം. രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. 2001ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷണും കേന്ദ്രസർക്കാർ നൽകി. 2009ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവിയും അദ്ദേഹത്തിനു ലഭിച്ചു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.