പുതുക്കിയ ജിഎസ്ടി നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നതോടെ ടിവിക്കും എസിക്കും റഫ്രിജറേറ്ററിനുമൊക്കെ വിലയിൽ വമ്പൻ കുറവ് വരുത്തി കമ്പനികൾ. 32 ഇഞ്ചിന് മുകളിലുള്ള ടിവിക്ക് 85,000 രൂപവരെയാണ് കുറഞ്ഞത്. ഡിഷ്‍വാഷർ മുതൽ എസി വരെയുള്ള മറ്റ് ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്കും വില കുറഞ്ഞു.
ജിഎസ്ടിയിലെ 12%, 28% എന്നീ സ്ലാബുകൾ ഒഴിവാക്കിയതോടെ ഏതാണ്ട് 375ഓളം ഉൽപന്നങ്ങളാണ് ഇന്നുമുതൽ കുറഞ്ഞവിലയിലേക്ക് ഇറങ്ങിയത്. ജനങ്ങൾ നിത്യേന വാങ്ങുന്ന ഭക്ഷ്യവസ്തുക്കളും മരുന്നുകളും സോപ്പും ടൂത്ത്പേസ്റ്റും ഷാംപൂവിനുമൊക്കെ മാത്രമല്ല, ടിവി മുതൽ കാറുകൾക്ക് വരെ വില കുറയുകയാണ്. ഒട്ടേറെ ഉൽപന്നങ്ങളുടെ നികുതി 5 ശതമാനമായി കുറച്ചതിന് പുറമേ, നിരവധി ഉൽപന്നങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്താണ് ജിഎസ്ടി 2.0 പരിഷ്കാരം പ്രഖ്യാപിച്ചത്. ഇതുവഴി 2 ലക്ഷം കോടി രൂപയാണ് വിപണിയിലേക്ക് ഒഴുകിയെത്തുകയെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടത്.
ടിവിയിൽ ഇനി ‘ബിഗ് സ്ക്രീൻ’ താരം32 ഇഞ്ചിന് മുകളിലുള്ള ടിവികൾക്ക് നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. ഇതോടെ ഒട്ടുമിക്ക കമ്പനികളും വിലയിൽ (എംആർപി) 2,500 രൂപ മുതൽ 85,800 രൂപവരെയാണ് കുറച്ചത്. ഇന്നു പ്രാബല്യത്തിൽ വന്നവിധം സോണി, എൽജി, പാനസോണിക് തുടങ്ങിയവയൊക്കെ വില കുറച്ചു. 43 മുതൽ 93 ഇഞ്ച് വരെയുള്ള ടിവികളാണ് ഇപ്പോൾ തരംഗം.
എസിക്കും ജിഎസ്ടി കുറഞ്ഞത് 28ൽ നിന്ന് 18 ശതമാനത്തിലേക്ക്. വോൾട്ടാസ്, ഡൈകിൻ, ഗോദ്റജ് അപ്ലയൻസസ്, പാനസോണിക്, ഹയർ തുടങ്ങിയവയൊക്കെ നികുതിയിളവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് സമ്മാനിച്ചുകഴിഞ്ഞു. 3 സ്റ്റാർ മുതൽ 5 സ്റ്റാർ എസിക്കൊക്കെ വില കുറയുന്നത്, ഉപഭോക്താക്കൾക്ക് നേട്ടമാകും. 2,800 രൂപ മുതൽ 12,000 രൂപവരയാണ് വില കുറയുന്നത്.∙ ഗോദ്റെജ്, എൽജി ഉൾപ്പെടെയുള്ള കമ്പനികൾ റഫ്രിജറേറ്റുകളുടെ വിലയും കുറച്ച് ആകർഷകമാക്കിയിട്ടുണ്ട്. 7 മുതൽ 9% വരെ വിലക്കുറവാണ് മിക്ക കമ്പനികളും വരുത്തിയിരിക്കുന്നത്.
∙ ഡിഷ് വാഷറുകളുടെ നികുതിഭാരവും 28ൽ നിന്ന് 18 ശതമാനത്തിലേക്ക് കുറഞ്ഞു. ഇതോടെ, വില കുറയുന്നത് 8,000 രൂപവരെ.














