തിരുവനന്തപുരം: മണ്ണന്തല അമ്പഴങ്ങോട് ഗുണ്ടാവിളയാട്ടം. വീട്ടിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകൾ വഴിയിൽകണ്ട വാഹനങ്ങളെല്ലാം അടിച്ചുതകർത്തു. പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേൽപ്പിക്കുകയുംചെയ്തു.
നിരവധി കേസുകളിൽ പ്രതിയും നേരത്തേ ബോംബ് നിർമാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റയാളുമായ ശരത്തും ഇയാളുടെ കൂട്ടാളികളുമാണ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച അർധരാത്രി 12:30 ഓടെയായിരുന്നു സംഭവം.ബൈക്കിൽ പതിയെ പോകാൻ പറഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. നേരത്തേ പല കേസുകളിലും പ്രതിയായ രാജേഷ് എന്നയാളാണ് ബൈക്കിൽ പോവുകയായിരുന്ന ഗുണ്ടാസംഘത്തോട് പതിയെ പോകാൻ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് ശരത്തും കൂട്ടാളികളും രാജേഷിന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞു. പിന്നാലെ റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരുബൈക്കും അടിച്ചുതകർത്തു.
ഇതേ ഗുണ്ടാസംഘമാണ് സമീപത്ത് കടനടത്തുന്ന പൊന്നയ്യനെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചതെന്നും നാട്ടുകാർ പറഞ്ഞു. കടയിൽ കയറി പഴം കഴിച്ചതിന് ശേഷം പഴം പഴുത്തില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഇതിനുശേഷമാണ് രാജേഷിന്റെ വീടിന് നേരേയും വാഹനങ്ങൾക്ക് നേരേയും ആക്രമണം നടത്തിയത്.അക്രമിസംഘം ആദ്യം ബീഡി വാങ്ങിയെന്നും പിന്നീട് പഴമെടുത്തപ്പോൾ അത് പഴുത്തില്ലെന്ന് പറഞ്ഞതോടെയാണ് ആക്രമണം അഴിച്ചുവിട്ടതെന്നും പരിക്കേറ്റ കടയുടമ പൊന്നയ്യൻ പറഞ്ഞു. ”ആദ്യം വന്നവർ ബീഡി ചോദിച്ചു. കൊടുത്തപ്പോൾ കാശും തന്നു. രണ്ടാമത് പഴം എടുത്തപ്പോൾ പഴുത്തില്ല എന്ന് ഞാൻ പറഞ്ഞു. അതോടെ കുലയൊക്കെ വെട്ടി നശിപ്പിച്ചു. വാളും വെട്ടുകത്തിയുമായി ആക്രമിച്ചു. ഒരാൾ വാള് കൊണ്ടും മറ്റേയാൾ വെട്ടുകത്തി കൊണ്ടുമാണ് ആക്രമിച്ചത്. മുഖത്തും കയ്യിലും പരിക്കേറ്റു. ആക്രമിച്ചവരെ കണ്ടാൽ മനസ്സിലാകും. അവരെ ഇതുവരെ ഈ പരിസരത്ത് കണ്ടിട്ടില്ല. എട്ട് പേരുടെ സംഘമാണ് എത്തിയത്. രണ്ട് സ്കൂട്ടറിലും ഒരു ബൈക്കിലുമാണ് അവർ വന്നത്. ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം. മദ്യത്തിന്റെ മണമുണ്ടായിരുന്നു”, പൊന്നയ്യൻ പറഞ്ഞു.
കട അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് ഗുണ്ടാസംഘം എത്തിയതെന്ന് പൊന്നയ്യന്റെ ഭാര്യയും പ്രതികരിച്ചു. ”കട അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് അവർ വന്നത്. മൂന്ന് കവർ പാല് ബാക്കിയുണ്ടായിരുന്നു. അതുമായി പോകാൻ തുടങ്ങിയപ്പോഴാണ് ഇവർ വന്നത്. ഫോൺപേ ഉണ്ടോന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞു ഞാൻ ഫോണുമായി വന്നു. പഴം കുലയിൽനിന്ന് ഉരിഞ്ഞെടുക്കാൻ തുടങ്ങിയപ്പോൾ പഴുത്തില്ല എന്ന് പറഞ്ഞു. ഇതോടെയാണ് ആക്രമണം തുടങ്ങിയത്. കട അടിച്ച് തകർക്കുമെന്ന് ആക്രോശിച്ചു. വല്ലാതെ പേടിച്ചു പോയി. പോലീസ് വന്നാണ് പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോയത്”, പൊന്നയ്യന്റെ ഭാര്യ പറഞ്ഞു.














