ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ (പാർഥസാരഥി) വിദ്യാർഥിനികളുടെ പീഡന പരാതി. കോളജിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സ്കോളർഷിപ് കിട്ടി പഠിക്കുന്ന പെൺകുട്ടികളാണ് പരാതി നൽകിയിരിക്കുന്നത്. വിദ്യാർഥികളോട് മോശം ഭാഷ ഉപയോഗിക്കുകയും ശാരീരിക ബന്ധത്തിനു നിർബന്ധിക്കുകയും ചെയ്തെന്നാണ് പരാതി. ആരോപണങ്ങൾക്കുപിന്നാലെ സ്വാമിയെ സ്ഥാപനത്തിൽനിന്നു പുറത്താക്കി.
കേസിൽ 32 വിദ്യാർഥികളിൽ 17 പേരുടെ മൊഴി രേഖപ്പെടുത്തി. സ്വാമി വിദ്യാർഥികൾക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. കോളജിലെ വനിതാ ഫാക്കൽറ്റിയും മറ്റ് ജീവനക്കാരും ഇതിനായി നിർബന്ധിച്ചുവെന്നും വിദ്യാർഥിനികൾ പറയുന്നു. ആശ്രമത്തിലെ ചില വാർഡൻമാരാണ് ഇവർക്കു സ്വാമിയെ പരിചയപ്പെടുത്തിക്കൊടുത്തതെന്നാണ് വിദ്യാർഥികൾ പറയുന്നത്.
കുറ്റകൃത്യം നടന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സിസിടിവി വിഡിയോയും പരിശോധിച്ചു. എന്നാൽ സ്വാമി ഒളിവിലാണെന്നാണ് വിവരം. അവസാനം സ്വാമിയുണ്ടായിരുന്നത് ആഗ്രയിലാണെന്നും പൊലീസ് അന്വേഷണം നടത്തുകയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. മാത്രമല്ല, സ്വാമി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നതിനു സമാന നമ്പറാണ് അതിന്റേതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.














