Wayanad

യുവാവിന്റെ കത്തിക്കരിഞ്ഞ ശരീരം; അവശേഷിച്ചത് പകുതി മുഖവും കൈകാലുകളും, ‘യുഡായ്’ വഴി തിരിച്ചറിയാൻ പൊലീസ്

കോഴിക്കോട് ∙ എട്ടു വർഷം മുൻപ് പയിമ്പ്ര പോലൂർ ക്ഷേത്രത്തിനു സമീപം കത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിയാൻ ആധുനിക സാങ്കേതിക ഡിജിറ്റൽ തെളിവു തേടി ക്രൈംബ്രാഞ്ച്. മൃതദേഹത്തിൽ കത്താതെ ശേഷിച്ച ഭാഗങ്ങളിൽ നിന്നു കണ്ടെടുത്ത സാംപിൾ ‘യുഡായി’ൽ നൽകി (യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) തിരിച്ചറിയാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ സാംപിൾ പരിശോധനക്ക് അയയ്ക്കാനാവും.

പകുതി മുഖവും കൈ കാലുകളും തലയുടെ പിൻഭാഗവും മാത്രമാണ് മൃതദേഹത്തിൽ കത്താതെ അവശേഷിച്ചിരുന്നത്. വസ്ത്രത്തിന്റെ കുറച്ചു ഭാഗവും ലഭിച്ചിരുന്നു. കഴുത്തിൽ പ്ലാസ്റ്റിക് കുരുക്ക് മുറുക്കിയ നിലയിലായിരുന്നു. മൃതദേഹത്തിൽ നിന്നു ലഭിച്ച വിരലടയാളം യുഡായിൽ നൽകി, ആധാറിൽ വിരലടയാളം തിരിച്ചറിയൽ രീതിയിൽ വിവരം ശേഖരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഇക്കാലയളവിൽ കാണാതായതായി പരാതി നൽകിയവരുടെ ബന്ധുക്കളിൽ നിന്നു രക്ത സാംപിൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്താനും നീക്കമുണ്ട്.

ചേവായൂർ പൊലീസ് അന്വേഷണം നടത്തിയ കേസ് പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. 2018 ൽ ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിവിഷൻ അന്വേഷണം തുടങ്ങി. തെളിവുതേടി സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനിടയിൽ ബംഗ്ലദേശ് സ്വദേശിയായ ഇസ്‌ലം മോസം എന്ന ആളുടെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് പോസ്റ്റുകൾ ശ്രദ്ധയിൽപെട്ടു. തന്റെ ബന്ധുവിനെ കാണാനില്ലെന്ന വിവരം ഇയാൾ പോസ്റ്റിട്ടിരുന്നു. കുടവയറും തടിച്ച ശരീര പ്രകൃതമായിരുന്നുവെന്നും കുറിപ്പിൽ സൂചിപ്പിച്ചു.

കൂടുതൽ അന്വേഷണത്തിൽ 30 നും 40 നും ഇടയിൽ പ്രായമുള്ള വ്യക്തിയാകാം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ അനുമാനം. ഇസ്‌ലം മോസം ഫെയ്സ്ബുക് വഴി പങ്കുവച്ച ഫോട്ടോയിലുള്ള ആളുടെ പ്രായം 36 ആയിരുന്നു. ഇയാളുടെ ഫോട്ടോകളും ഇയാളുടെ ബന്ധുക്കളുടെ വിവരങ്ങളുമെല്ലാം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നീട് കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. മരിച്ച യുവാവിന്റെ തലയോട്ടി തമിഴ്നാട് പൊലീസുമായി ചേർന്നു സൂപ്പർ ഇംപോസിഷനിലൂടെ രൂപ ചിത്രം നിർമിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സം കാരണം നടന്നില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.