മാനന്തവാടി: കാലംചെയ്ത ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയെ വിന്‍സന്റ്ഗിരി ലഹരിമോചന ചികിത്സാകേന്ദ്രത്തിലെ വിക്ടറി എ എ ഗ്രൂപ്പ് അനുസ്മരിച്ചു.
നാല് പതിറ്റാണ്ടിനിടെ ആയിരക്കണക്കിനാളുകളെ ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍നിന്നു മോചിപ്പിച്ച ചികിത്സാലയത്തിന്റെ സ്ഥാപനത്തിന് പ്രചോദനമായത് മാര്‍ തൂങ്കുഴിയുടെ ഇടപെടലാണ്.വിന്‍സന്റ്ഗിരി ഓഡിറ്റോറിയത്തില്‍ സിസ്റ്റര്‍ മരിയ സെലിന്‍ പ്ലാമൂട്ടില്‍ അനുസ്മരണസദസ് ഉദ്ഘാടനം ചെയ്തു. ഷിക്കാഗോവിലെ ലയോള യൂണിവേഴ്‌സിറ്റിയില്‍നിന്ന് കൗണ്‍സലിംഗ് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ മിനിസോറ്റ ഹസെല്‍ഡെന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡ്രഗ് ആന്‍ഡ് ഡി അഡിക്ഷന്‍ ചികിത്സയില്‍ ബിരുദാനന്തര ബിരുദവും നേടി 1987ല്‍ മാനന്തവാടി കോണ്‍വന്റിലെത്തിയപ്പോള്‍ ലഹരി ആസക്തരുടെ ചികിത്സയ്ക്ക് സംവിധാനം ഏര്‍പ്പെടുത്താന്‍ മാര്‍ ജേക്കബ് തൂങ്കുഴി നിര്‍ബന്ധിച്ചുവെന്നും അതനുസരിച്ച് ആരംഭിച്ച ചികിത്സാലയത്തില്‍നിന്ന് ഇതിനകം പതിനായിരത്തിലധികംപേര്‍ ലഹരിമോചനം നേടിയതിലും മാര്‍ ജേക്കബ് തൂങ്കുഴിയോട് അകമഴിഞ്ഞ നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.
സിസ്റ്റര്‍ മേരി ആന്‍ നെല്ലിക്കയത്ത് അധ്യക്ഷത വഹിച്ചു. ലഹരിമോചനം നേടിയവുടെ കുടുംബങ്ങള്‍ മാര്‍ തുങ്കുഴിയോട് കടപ്പെട്ടിരിക്കുന്നതായിഅവര്‍ പറഞ്ഞു. ലഹരിവിമുക്തരുടെ കുടുംബിനികള്‍ അടങ്ങുന്ന വിക്ടോറിയ അല്‍ അനോണ്‍, മക്കളുടെ അല്‍ അറ്റീന്‍ ഗ്രൂപ്പ് എന്നിവ വിന്‍സന്റ്ഗിരിയില്‍ സജീവമായതിനുപിന്നില്‍ മാര്‍ തുങ്കുഴിയുടെ പ്രചോദനം ഉണ്ടെന്ന് സിസ്റ്റര്‍ മേരി ആന്‍ അനുസ്മരിച്ചു. ചികിത്സയില്‍ സഹായിക്കുന്ന സിസ്റ്റര്‍ ക്രിസ്റ്റീന, സിസ്റ്റര്‍ മോനിക്ക, പതിറ്റാണ്ടുകള്‍ മുമ്പ് ലഹരിമോചനം നേടിയ മാത്യു കുന്നേല്‍, രാജു മതിച്ചിപ്പറമ്പില്‍, ജോസ് റിപ്പണ്‍, കെ.ജെ. മത്തായി, ബൈജുരാജ്, ഡോ.തോമസ്, സുരേന്ദ്രന്‍ മാഹി, വിശ്വനാഥന്‍ മണ്ണാര്‍ക്കാട്, ജോസഫ് മാസ്റ്റര്‍, രവി മാസ്റ്റര്‍, വിക്ടറി എഎ ഗ്രൂപ്പ് പ്രസിഡന്റ് സോമന്‍ തിരുവമ്പാടി എന്നിവര്‍ പ്രസംഗിച്ചു.














