പനമരം: മഴയ്ക്ക് ശേഷം പുഴയിൽ വെള്ളം താഴ്ന്നതോടെ പനമരം വലിയ പുഴയുടെ കൈവഴിയായ ചെറുപുഴകളിൽ മുതലകളുടെയും ചീങ്കണ്ണികളുടെയും വ്യാപനം നാട്ടുകാർക്ക് തലവേദനയാകുന്നു. ചെറിയ പുഴകളുടെ മണൽത്തിട്ടകളിലും കരകളിലും മുതലയും ചീങ്കണ്ണികളും കയറിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. വലിയ പുഴകളിൽ ഉണ്ടായിരുന്ന മുതലകൾ വെള്ളപ്പൊക്കസമയത്ത് ചെറിയ പുഴകളിലേക്ക് നീങ്ങിയതാണ് ഇപ്പോൾ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ചീക്കല്ലൂർ പാലത്തിന് സമീപത്തെ മണൽതിട്ടയിൽ ഒരു മണിക്കൂറിലേറെ സമയം മുതല വാ തുറന്നു പിടിച്ച് കിടക്കുന്നത് കണ്ടുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പനമരം, കബനി, കാവടം, വെണ്ണിയോട് പുഴകളിലാണ് മുതലകളും ചീങ്കണ്ണികളും ഏറെയുള്ളത്.രാത്രി സമയങ്ങളിൽ വ്യാപകമായി മാലിന്യം പുഴയിൽ തള്ളുന്നതും , ആവശ്യത്തിലധികം തീറ്റ ലഭിക്കുന്നതും മുതലകൾക്ക് വളരാൻ പറ്റിയ കാലാവസ്ഥയുമാണ് ഇവ പെരുകാൻ കാരണം.പുഴയിൽ അനിയന്ത്രിതമായി പെരുകുന്ന മുതലയുടെയും ചീങ്കണ്ണിയുടെയും വ്യാപനം നിയന്ത്രിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.














