ചെന്നൈ ∙ തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. ഇതിൽ 9 കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു. പരുക്കേറ്റവരിൽ 9 പൊലീസുകാരുമുണ്ട്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്.
‘‘95 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 51പേർ സർക്കാർ ആശുപത്രിയിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലും. ഒരാളുടെ സ്ഥിതി ഗുരുതരമാണ്. മറ്റുള്ളവർക്ക് പ്രശ്നങ്ങളില്ല’’–തമിഴ്നാട് ആരോഗ്യ സെക്രട്ടറി പി.ശെന്തിൽ കുമാർ പറഞ്ഞു.
മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷവും പരുക്കേറ്റവർക്ക് 1 ലക്ഷം രൂപയും സഹായം നൽകും. വിജയ്ക്ക് എതിരെ കേസെടുത്തേക്കും. സമ്മേളനം നടത്താൻ അനുമതി തേടി കത്തു നൽകിയ ടിവികെ ജില്ലാ പ്രസിഡന്റ് മതിയഴകനെതിരെ കേസെടുത്തിട്ടുണ്ട്. പതിനായിരം പേർ പങ്കെടുക്കുന്ന പരിപാടിക്കാണ് അനുമതി ചോദിച്ചിരുന്നതെങ്കിലും ഒന്നരലക്ഷത്തോളം പേരാണ് എത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സ്ഥലം സന്ദർശിച്ചു.
അപകടത്തിന്റെ കാരണങ്ങൾ ജുഡീഷ്യൽ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്ന് സ്റ്റാലിൻ പറഞ്ഞു. വിജയ്‌യെ അറസ്റ്റു ചെയ്യുമോയെന്ന ചോദ്യത്തിന്, അതെല്ലാം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റവരെ മുഖ്യമന്ത്രി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശിച്ചു. പരുക്കേറ്റവരുടെ കുടുംബത്തെ അദ്ദേഹം ആശ്വസിപ്പിച്ചു. റാലിക്ക് സ്ഥലം അനുവദിച്ചതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും വിജയ് വൈകിയെത്തിയതാണ് തിക്കിനും തിരക്കിനും കാരണമായതെന്നും തമിഴ്നാട് ഡിജിപി പറഞ്ഞു.