ഷിംല∙ ഹിമാചൽ പ്രദേശിലെ രോൺഹട്ടിലെ ഒരു സർക്കാർ സ്കൂളിന്റെ പ്രിന്‍സിപ്പൽ എഴുതിയ ചെക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ചെക്കിലെ തുക കൃത്യമായി അക്കത്തിൽ എഴുതിയിട്ടുണ്ടെങ്കിലും, ഇംഗ്ലിഷിൽ വാക്കുകളായി എഴുതിയപ്പോൾ ആകെ തെറ്റി. 7,616 എന്നത് സെവൻ തൗസൻഡ് സിക്സ് ഹൻഡ്രഡ് ആൻഡ് സിക്സ്റ്റീൻ’ എന്നെഴുതേണ്ടതിന് പകരം ‘Saven Thursday six Harendra sixty rupees only’ എന്നാണ് ചെക്കിൽ എഴുതിയിട്ടുള്ളത്.
ഹിമാചലിലെ സിർമൗറിലെ റോൺഹട്ടിലുള്ള ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന്റെ പേരിലുള്ളതാണ് ഈ ചെക്ക്. അതേസമയം, ബാങ്ക് ഈ ചെക്ക് നിരസിച്ചതായാണ് റിപ്പോർട്ടുകൾ. തിരുത്തിയ പുതിയ ചെക്ക് സ്കൂൾ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
നിരസിക്കപ്പെട്ട ചെക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും, ഒരു മീം ആയി മാറുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. വിദ്യാഭ്യാസത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇതു തിരികൊളുത്തി. ഉയർന്ന ഫീസ് നൽകി, മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ഉയരുന്നത്. ട്രോളുകളും പുറത്തുവരുന്നുണ്ട്.