ചീരാൽ: പുളിഞ്ചാൽ വേടൻകോട് എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ മൂന്ന് വയസ് തോന്നിക്കുന്ന ആൺ പുള്ളിപുലി കുടുങ്ങി. പുലിയെ കുപ്പാടിയിലേക്ക് കൊണ്ടുപോയി. മുന്നൂറ് ഏക്കറോളം വരുന്ന എസ്റ്റേറ്റിന്റെ പല ഭാഗവും കാട് മൂടി കിടക്കുകയാണ്.
പുലി, കരടി, പന്നി, കാട്ടാട്, മയിൽ, കുരങ്ങ്, തുടങ്ങിയവയുടെ താവളമാണിവിടെ കൂടുകൾ സ്ഥാപിച്ച് ഇവയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചീരാലിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ 6 മാസത്തിനിടെ അൻപതോളം വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ ആക്രമിച്ചിട്ടുണ്ട്. കൂടാതെ കോഴികളെയും കൊന്ന് ഭക്ഷിച്ചു. വന്യമൃഗ ആക്രമണത്തിൽ പരിക്ക് പറ്റി കിടക്കുന്ന വർക്കും, കൃഷിയും വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടവർക്കും കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ നിസംഗത തുടർന്നാൽ ശക്തമായ ജനരോഷം ഉയരുമെന്ന മുന്നറിയിപ്പും നൽകി . കെ സി കെ തങ്ങൾ,അദ്ധ്യക്ഷത വഹിച്ചു. ജെഎ രാജു, . റ്റി കെ രാധാകൃഷ്ണൻ, ടി ഗംഗാധരൻ, വി എസ് സദാശിവൻ,എ സലിം എന്നിവർ സംസാരിച്ചു.














