ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ മേല്‍ ഭാര്യ തിളച്ച എണ്ണ ഒഴിച്ചതിന് ശേഷം മുളകുപൊടി വിതറി. പുലര്‍ച്ചെ 3 മണിക്ക് മക്കളോടൊപ്പം ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിന്റെ ദേഹത്തേയ്ക്കാണ് ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. 28 വയസുകാരനായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരനെ ഗുരുതരമായ പൊള്ളലേറ്റ നിലയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി സൗത്തിലാണ് സംഭവം. ഭാര്യയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ദമ്പതികളുടെ എട്ട് വയസുള്ള മകളും വീട്ടിലുണ്ടായിരുന്നുവെന്ന് അംബേദ്കര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ഒക്ടോബര്‍ 2ന് ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി അത്താഴം കഴിച്ച് ഉറങ്ങിക്കിടന്നപ്പോഴാണ് സംഭവം. ‘എന്റെ ഭാര്യയും മകളും അടുത്ത് ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ 3.15ഓടെ പെട്ടെന്ന് എന്റെ ശരീരത്തില്‍ ഒരു വല്ലാത്ത പൊള്ളല്‍ അനുഭവപ്പെട്ടു. ഞെട്ടി കണ്ണു തുറന്ന് നോക്കിയപ്പോള്‍ ഭാര്യ നില്‍ക്കുന്നത് കണ്ടു. എന്റെ ശരീരത്തിലും മുഖത്തും തിളച്ച എണ്ണ ഒഴിച്ചു. പൊള്ളലേറ്റ ഭാഗത്ത് അവള്‍ മുളകുപൊടി വിതറി. നിങ്ങള്‍ നിലവിളിച്ചാല്‍ ഞാന്‍ നിങ്ങളുടെ മേല്‍ വീണ്ടും എണ്ണ ഒഴിക്കുമെന്ന് പറഞ്ഞായിരുന്നു ആക്രമണം, പൊള്ളലേറ്റ ഭര്‍ത്താവ് പറഞ്ഞു.
എന്നാല്‍ ദിനേശിന് നിലവിളി അടക്കാന്‍ കഴിഞ്ഞില്ല. ബഹളം കേട്ട അയല്‍ക്കാരും താഴത്തെ നിലയില്‍ താമസിച്ചിരുന്ന വീട്ടുടമസ്ഥന്റെ കുടുംബവും വീട്ടിലേയ്ക്ക് ഓടിയെത്തി. എന്താണ് സംഭവിക്കുന്നത് നോക്കാന്‍ മുകളിലെത്തി. എന്നാല്‍ വാതില്‍ പൂട്ടിയിരുന്നു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. വാതില്‍ തുറന്നപ്പോള്‍ അയാള്‍ വേദന കൊണ്ട് പുളയുന്നതാണ് കണ്ടത്, വീട്ടുടമസ്ഥന്റെ മകള്‍ അഞ്ജലി പറഞ്ഞു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് ആ സ്ത്രീ ദിനേശിനൊപ്പം പുറത്തേയ്ക്കിറങ്ങുകയും മറ്റൊരു ഭാഗത്തേയ്ക്ക് പോകാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ എന്റെ അച്ഛന്‍ അവളെ തടഞ്ഞുവെച്ചു. ദിനേശിനെ ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെന്ന് അഞ്ജലി വിവരിച്ചു.
ദിനേശിന് ശരീരത്തിലേറ്റ പൊള്ളല്‍ ഗുരുതരമാണ്. എട്ട് വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ട് വര്‍ഷം മുമ്പ് ഭാര്യ ദിനേശിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ദിനേശിന്റെ ഭാര്യക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ പ്രക്രാം 118, 124, 326 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.