Kerala

തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കും; ഹോസ്റ്റൽ മുറിയിൽ വെളിച്ചം കണ്ട് കയറി പീഡനം: പ്രതി ബെഞ്ചമിൻ സ്ഥിരം കുറ്റവാളി

തിരുവനന്തപുരം∙ കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൊലീസ് പിടികൂടിയത് മധുര സ്വദേശി ബെഞ്ചമിനെ. പ്രതിയെ പീഡനത്തിനിരയായ പെൺകുട്ടി തിരിച്ചറിഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മോഷണ ശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിനു പിന്നാലെ ആറ്റിങ്ങലിലേക്കു പോയ പ്രതി അവിടെ നിന്നു മധുരയ്ക്കു കടക്കുകയായിരുന്നു.

മധുരയിൽനിന്നു തിരുവനന്തപുരത്തേക്കു സ്വന്തം ലോറിയിൽ ലോഡുമായി എത്തുന്നയാളാണു പ്രതി. തോന്നയ്ക്കലിലുള്ള ഗാരിജിലേക്കു സാധനങ്ങളുമായി വന്ന പ്രതി കഴക്കൂട്ടത്താണു തങ്ങിയത്. റോഡരികിൽ ലോറി ഒതുക്കിയിട്ട് മദ്യപിച്ച ശേഷം സർവീസ് റോഡിനു സമീപത്തുകൂടി നടക്കുമ്പോഴാണ് ഹോസ്റ്റൽ മുറിയിൽ വെളിച്ചം കണ്ടത്. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് കഴക്കൂട്ടത്തെ ഹോസ്റ്റലിൽ എത്തി ഉറങ്ങുകയായിരുന്ന പെൺകുട്ടിയെയാണ് ഇയാൾ മുറിയിൽ കയറി പീഡിപ്പിച്ചത്. യുവതി ഞെട്ടി ഉണർന്ന് ബഹളം വച്ചപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു.

പുലർച്ചെ വരെ പരിസരത്തു തന്നെ കറങ്ങിനടന്നതിനു ശേഷമാണ് പ്രതി ആറ്റിങ്ങലിലേക്കു കടന്നതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു കണ്ടെത്തിയിരുന്നു. സമീപത്തെ എടിഎം കൗണ്ടറിലെ നിരീക്ഷണ ക്യാമറയിൽ നിന്നു പ്രതിയുടെ ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. ഇന്ന് പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുമെന്നാണു വിവരം. പ്രതി സ്ഥിരം മോഷണങ്ങൾ നടത്തുന്നയാളാണ്. തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്ന പതിവുമുണ്ടെന്നു പൊലീസ് പറയുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.