നോയിഡ ∙ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധാ നഗറിൽ വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നോയിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോജിയിലെ എംസിഎ വിദ്യാര്‍ഥിയും ജാർഖണ്ഡ് സ്വദേശിയുമായ കൃഷ്ണകാന്ദ് (25) ആണ് ആത്മഹത്യ ചെയ്തത്. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു.
‘‘ഞാൻ എല്ലാം അവസാനിപ്പിക്കുന്നു, എന്റെ ശരീരവും വസ്തുകളും വീട്ടുകാർക്ക് വിട്ടുകൊടുക്കുക’’, എന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. ഒപ്പം താമസിച്ചിരുന്ന ഹൃതിക് എന്ന യുവാവിന്റെ മൊഴി പ്രകാരം, കൃഷ്ണകാന്ദ് പിതാവിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അതിനുശേഷം പിതാവ് ഹൃതിക്കിനെ വിളിക്കുകയും കൃഷ്മകാന്ദിന്റെ അടുത്ത് വേഗം ചെല്ലുവാനും പറഞ്ഞു. ഹൃതിക് ഉടനെ മറ്റൊരു സുഹൃത്തിനെ മുറിയിലേക്ക് പറഞ്ഞുവിട്ടെങ്കിലും മുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. പിന്നീട് പൂട്ട് തകർത്ത് മുറിക്കുള്ളിൽ കടന്നപ്പോഴാണ് കൃഷ്ണകാന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.














