സുൽത്താൻ ബത്തേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കല്ലൂർ പാലവും സമീപപ്രദേശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. റോഡിന്റെ ഇരുവശങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നത് യാത്രക്കാർക്കും പരിസരവാസികൾക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.കല്ലൂർ പുഴയോട് ചേർന്നാണ് ഏറ്റവുമധികം മാലിന്യം തള്ളുന്നത്. രാത്രിയുടെ മറവിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ, അറവുശാലാ മാലിന്യങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മാലിന്യം അഴുകിത്തുടങ്ങിയതോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.
യാത്രക്കാർ മൂക്കുപൊത്തിയാണ് ഈ ഭാഗം കടന്നുപോകുന്നത്.മാലിന്യം തള്ളുന്നത് തടയാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും റോഡ് ശുചീകരിച്ച് മാലിന്യനിക്ഷേപം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.