കല്‍പ്പറ്റ: ആഴ്ചകള്‍ നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവില്‍ വയനാട്ടില്‍ നാളെ വിധിയെഴുത്ത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണചക്രം ആരെയെല്ലാം ഏല്‍പ്പിക്കണമെന്ന് സമ്മതിദായകര്‍ ബാലറ്റിലൂടെ തീരുമാനിക്കും. ജില്ലയില്‍ ജില്ലാ പഞ്ചായത്തിലെ 17 ഉം കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകളിലെ 59 ഉം കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി മുനിസിപ്പാലിറ്റികളിലെ 103 ഉം ഡിവിഷനുകളിലേക്കും 23 പഞ്ചായത്തുകളിലെ 450 വാര്‍ഡുകളിലുമാണ് വോട്ടെടുപ്പ്. ജില്ലയില്‍ 6,47,378 പേര്‍ക്കാണ് വോട്ട് അവകാശം. ഇതില്‍ 3,13,049 പുരുഷന്‍മാരും 3,34,321 സ്ത്രീകളും എട്ട് ട്രാന്‍സ്ജന്‍ഡര്‍മാരും 20 പ്രവാസികളും ഉള്‍പ്പെടും.
മൂന്ന് നഗരസഭകളിലും 23 പഞ്ചായത്തുകളിലുമായി 828 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നഗരസഭകളില്‍ 104 ഉം പഞ്ചായത്തുകളില്‍ 724 ഉം ബൂത്തുകളുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു നടന്നു. പഞ്ചായത്ത് ബൂത്തുകളിലേക്ക് മൂന്നുവീതം ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണ് വിതരണം ചെയ്തത്. നഗരസഭകളിലെ ബൂത്തുകളിലേക്ക് ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റും ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. 828 ബൂത്തുകളിലേക്ക് 3,663 ബാലറ്റ് യൂണിറ്റുുകളും 1,379 കണ്‍ട്രോള്‍ യൂണിറ്റുുകളുമാണ് സജ്ജീകരിച്ചത്. റിസര്‍വ് മെഷീനുകളുടെ എണ്ണം ഉള്‍പ്പെടെയാണിത്. കല്‍പ്പറ്റ ബ്ലോക്കില്‍ 69 ഉം പനമരം ബ്ലോക്കില്‍ 32 ഉം ബത്തേരി ബ്ലോക്കില്‍ 25 ഉം മാനന്തവാടി ബ്ലോക്കില്‍ 63 ഉം ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാകും. 4ജി സിസിടിവി കാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ കളക്ടറേറ്റ് എപിജെ ഹാളില്‍ സജ്ജമാക്കുന്ന കണ്‍ട്രോള്‍ റൂമില്‍ തത്സമയ നിരീക്ഷിക്കും. ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരുണ്ടാകും. പുഞ്ചരിമട്ടം ഉരുള്‍ ദുരന്ത ബാധിതരില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ബൂത്തുകളില്‍ എത്തുന്നതിനും തിരിച്ചുപോകുന്നതിനും വാഹന സൗകര്യം ഉണ്ടാകും.
ദുരന്തബാധിത പ്രദേശത്തെ 432 കുടുംബങ്ങളിലെ 743 പേര്‍ക്കാണ് വാഹന സൗകര്യം. ഏഴ് ബസുകള്‍ രാവിലെ 11നും ഉച്ചകഴിഞ്ഞു 2.30 നും രണ്ട് വീതം ട്രിപ്പു് നടത്തും. *തിരിച്ചറിയില്‍ രേഖ നിര്‍ബന്ധം വോട്ടുചെയ്യുന്നതിന് സമ്മതിദായകര്‍ തിരിച്ചറിയല്‍ രേഖ സഹിതം ബൂത്തില്‍ എത്തണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടര്‍ സ്ലിപ്പ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാത്കൃത ബാങ്കുകളില്‍നിന്നു ആറുമാസം മുമ്പ് നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയില്‍ ഒന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. ത്രിതല പഞ്ചായത്തിലേക്ക് മൂന്നും മുനിസിപ്പാലിറ്റിയിലേക്ക് ഒന്നും വോട്ടാണ് രേഖപ്പെടുത്തേണ്ടത്. ജില്ലാ പഞ്ചായത്തിലെ വോട്ട് രേഖപ്പെടുത്താനുള്ള മെഷീനില്‍ ഏറ്റവും താഴെയായി എന്‍ഡ് ബട്ടണുണ്ടാവും. നഗരസഭയുടെ ബാലറ്റില്‍ എന്‍ഡ് ബട്ടണില്ല. മൂന്ന് വോട്ടും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ താത്പര്യമുള്ള സ്ഥാനാര്‍ഥികള്‍ക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്തി എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ചുവപ്പ് ലൈറ്റ് തെളിയുകയും നീണ്ട ബീപ് ശബ്ദം കേള്‍ക്കുകയും ചെയ്യും. ഇതോടെ വോട്ട് രേഖപ്പെടുത്തല്‍ പ്രക്രിയ പൂര്‍ത്തിയാവും. ബീപ് ശബ്ദം കേള്‍ക്കാതിരുന്നാലോ സഹായം ആവശ്യമുണ്ടെങ്കിലോ വോട്ടര്‍മാര്‍ പ്രിസൈഡിംഗ് ഓഫീസറുമായി ബന്ധപ്പെടണം. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ടാകും.














