Listen live radio

രണ്ടാഴ്ച;എന്‍ ഊരില്‍ വരുമാനം 14 ലക്ഷം ഹിറ്റായി ഗോത്ര പൈതൃക ഗ്രാമം

after post image
0

- Advertisement -

പൂക്കോട്: കേരളത്തിന്റെ തനത് ഗോത്ര പൈതൃകത്തെ അടയാളപ്പെടുത്തുന്ന എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്നു. പ്രവേശന നിരക്ക് ഏര്‍പ്പെടുത്തിയ ജൂണ്‍ 11 മുതല്‍ 27,000 മുതിര്‍ന്നവരും 2900 കുട്ടികളുമാണ് പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സന്ദര്‍ശിച്ചത്. 14 ലക്ഷം രൂപയാണ് ഇക്കാലയളവില്‍ വരുമാനമുണ്ടാക്കിയത്.രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് എന്‍ ഊരിലേക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 50 രൂപ, കുട്ടികള്‍ക്ക് 20 രൂപ, വിദേശികള്‍ക്ക് 150 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്കുകള്‍. ക്യാമറയ്ക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. സഞ്ചാരികള്‍ക്ക് പൂക്കോട് നവോദയ വിദ്യാലയ പരിസരം വരെ സ്വന്തം വാഹനങ്ങളിലെത്താം. ഇവിടെ നിന്നും എന്‍ ഊരിലേക്ക് പ്രത്യേകം വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുന്നിന്‍ചെരുവിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ജീപ്പ് യാത്ര കഴിഞ്ഞ് സുഗന്ധഗിരി കുന്നിന്‍ മുകളിലെത്തിയാല്‍ കോട മഞ്ഞിന്റെ തണുപ്പും ചാറ്റല്‍ മഴയും നിറഞ്ഞ മനോഹരമായ അന്തരീക്ഷം സഞ്ചാരികള്‍ക്ക് കാഴ്ചയുടെ നവ്യാനുഭവം പകര്‍ന്ന് നല്‍കുന്നു. ഒരു കാലത്ത് ഗോത്ര ജനതയുടെ മുഖമുദ്രയായിരുന്ന പുല്‍വീടുകള്‍ സഞ്ചാരികളുടെ മനം കവരും. തനത് ഗോത്ര വൈവിധ്യങ്ങള്‍ നിറഞ്ഞ പുല്ല് മേഞ്ഞ കുടിലുകള്‍ പുതു തലമുറയ്ക്ക് കൂടുതല്‍ കൗതുകം പകരുന്നതാണ്. ഇവിടെ ഓരോ പുല്‍ക്കുടിലിന്റെയും ഇറയത്ത് വിശ്രമിക്കാനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്.

ഗോത്ര വിഭവങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്. പൂര്‍ണ്ണമായും തനത് ഗോത്രവിഭവങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഗോത്ര ഭക്ഷണശാലകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

എന്‍ ഊരില്‍ വിവിധ ഗോത്ര വിഭാഗങ്ങള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, പാരമ്പരാഗത തനത് കാര്‍ഷിക ഉത്പന്നങ്ങള്‍, പച്ചമരുന്നുകള്‍, മുള ഉത്പന്നങ്ങള്‍, ചൂരല്‍ ഉല്‍പ്പന്നങ്ങള്‍, പാരമ്പര്യ ഔഷധ ചെടികള്‍ തുടങ്ങിയവ വില്‍പ്പനയ്ക്കായി ഒരുക്കിയിരിക്കുന്നു.

ഗോത്രകലകള്‍ അവതരിപ്പിക്കുന്ന ഓപ്പണ്‍ എയര്‍ തീയറ്ററും ഫെസിലിറ്റേഷന്‍ സെന്റര്‍, വെയര്‍ ഹൗസ് എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പുറമേ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമടക്കമുള്ള സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്.

തനത് ഉത്പന്നങ്ങളുടെ വിപണി, ഗോത്ര വയനാടിന്റെ ചരിത്രം എന്നിവയെല്ലാം അടയാളപ്പെടുത്തുന്ന എന്‍ ഊര് ചുരുങ്ങിയ ദിവസം കൊണ്ട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കഴിഞ്ഞു. വൈത്തിരി പൂക്കോട് സ്ഥിതിചെയ്യുന്ന എന്‍ ഊരിലേക്ക് ദിനംപ്രതി ആയിരത്തിലധികം സഞ്ചാരികളാണ് എത്തുന്നത്. ഗോത്ര ജനതയുടെ സംസ്‌കാരത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഗോത്ര പൈതൃക ഗ്രാമം പട്ടികവര്‍ഗ്ഗ വികസന വകുപ്പും വിനോദ സഞ്ചാര വകുപ്പും സംയുക്തമായാണ് ആവിഷ്‌കരിച്ചത്. ജൂണ്‍ നാലിനാണ് എന്‍ ഈര് ഗോത്ര പൈതൃക ഗ്രാമം നാടിന് സമര്‍പ്പിച്ചത്.

 

Leave A Reply

Your email address will not be published.