National

‘20 വർഷമായി മകൻ ലഹരിക്കടിമ, വീടിന് തീവച്ചു, സൈക്കോസിസം കാരണം പലതും സങ്കൽപ്പിച്ചു’: കേസിനെതിരെ പഞ്ചാബ് മുൻ ഡിജിപി

ചണ്ഡിഗഢ്∙ മകൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ തനിക്കും ഭാര്യക്കുമെതിരെ കേസെടുത്ത ഹരിയാന പൊലീസ് നടപടിക്കെതിരെ പഞ്ചാബ് മുൻ ഡിജിപി മുഹമ്മദ് മുസ്തഫ. സംഭവത്തിൽ തന്റെ കുടുംബത്തിനെതിരായി ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച മുഹമ്മദ് മുസ്തഫ, വരും ദിവസങ്ങളിൽ സത്യം പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവരുമെന്ന് പറഞ്ഞു. മുഹമ്മദ് മുസ്തഫ, ഭാര്യയും മുൻ മന്ത്രിയുമായ റസിയ സുൽത്താന എന്നിവർക്കെതിരെയാണ് മകൻ അഖിലിന്റെ സമൂഹമാധ്യമ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതക കേസെടുത്തത്.

വ്യാഴാഴ്ച രാത്രിയാണ് പഞ്ച്കുലയിലെ സെക്ടർ 4ലെ വസതിയിൽ അബോധാവസ്ഥയിൽ 35 കാരനായ അഖിലിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വൈകാതെ അഖിലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും വിഡിയോകളും പുറത്തുവന്നതോടെ കേസിൽ വഴിത്തിരിവുണ്ടായി. ഇതിനു പിന്നാലെയാണ് മാതാപിതാക്കൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.

എഫ്‌ഐആറിന് പിന്നിൽ വൃത്തികെട്ട രാഷ്ട്രീയവും വിലകുറഞ്ഞ ചിന്താഗതിയും ഉണ്ടെന്നാണ് മുഹമ്മദ് മുസ്തഫ ആരോപിച്ചത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വിശ്വസിച്ച് എഫ്‌ഐആർ റജിസ്റ്റർ ചെയ്തവരും നിയമനടപടി നേരിടാൻ തയാറാകണമെന്ന് മുഹമ്മദ് കൂട്ടിച്ചേർത്തു. മകൻ രണ്ടു പതിറ്റാണ്ടായി ലഹരിമരുന്നിന് അടിമയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘‘അമിത അളവിൽ ബ്യൂപ്രെനോർഫിൻ കുത്തിവച്ച ശേഷമാണ് അഖിൽ മരിച്ചതെന്ന് പ്രാഥമിക പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2007 ൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഏകദേശം 18 വർഷമായി ചണ്ഡീഗഢിലെ പിജിഐഎംഇആറിൽ ചികിത്സയിലായിരുന്നു മകൻ. ഒരിക്കൽ അഖിൽ ഞങ്ങളുടെ വീടിന് തീകൊളുത്തിയിരുന്നു. സൈക്കോസിസ് കാരണം, അവൻ പുതിയ കാര്യങ്ങൾ സങ്കൽപ്പിക്കാൻ തുടങ്ങി. ലഹരിമരുന്ന് വാങ്ങാൻ പണത്തിനായി അവൻ ഭാര്യയെയും അമ്മയെയും ഉപദ്രവിച്ചു. നിരവധി തവണ ഞാൻ പൊലീസിൽ പരാതി നൽകിയിരുന്നു.’’ – മുഹമ്മദ് മുസ്തഫയെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.