Latest

കോളജ് വിദ്യാർഥിനിക്കു നേരെയുള്ള ആസിഡ് ആക്രമണം വ്യാജം; യുവാവിനെ കുടുക്കാൻ തയ്യാറാക്കിയ നാടകം, പിതാവ് അറസ്റ്റിൽ

ന്യൂഡൽഹി ∙ നോർത്ത് വെസ്റ്റ് ഡൽഹിയിൽ കോളജ് വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം ഉണ്ടായ സംഭവത്തിൽ ട്വിസ്റ്റ്. യുവാവിനെ കള്ളക്കേസിൽ പെടുത്താൻ യുവതിയുടെ കുടുംബം തയാറാക്കിയ നാടകമാണ് ആസിഡ് ആക്രമണമെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. അക്കീൽ ഖാൻ എന്നയാളാണ് പിടിയിലായത്. പെൺകുട്ടിക്കെതിരെയും കേസെടുക്കുമെന്നും വേണ്ടിവന്നാൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ആസിഡ് വീണ് ഇരു കൈകൾക്കും പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ കയ്യിൽ മനഃപൂർവം പൊള്ളലേൽപിച്ചതാണെന്നും സംശയമുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയനുസരിച്ച് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയുടെ കുടുംബവുമായി ബന്ധമുള്ള ജിതേന്ദർ എന്നയാളാണു കസ്റ്റഡിയിലുള്ളത്. കൂട്ടുപ്രതികളെന്നു പെൺകുട്ടി പറഞ്ഞ ഇഷാൻ, അർമാൻ എന്നിവർ ഒളിവിലായിരുന്നു.

കേസിൽ ആദ്യം മുതൽ തെളിവുകളുടെ അഭാവം പൊലീസിനെ കുഴപ്പിച്ചിരുന്നു. അശോക് വിഹാറിൽ പെൺകുട്ടിക്കു നേരെ ആക്രമണം നടക്കുന്ന സമയത്തു ജിതേന്ദറിന്റെ ഫോൺ ലൊക്കേഷൻ കരോൾ ബാഗ് ആയതാണു പൊലീസിനു കൂടുതൽ സംശയം തോന്നാനിടയാക്കിയത്.

കൂടാതെ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലൊന്നും ഇയാളില്ല. കൂട്ടുപ്രതികളെന്നു സംശയിക്കുന്ന ഇഷാൻ, അർമാൻ എന്നിവരുടെ കുടുംബവുമായി പെൺകുട്ടിയുടെ കുടുംബത്തിനു വസ്തുതർക്കങ്ങൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.

മാത്രമല്ല, ഈ ആക്രമണ നടന്ന സ്ഥലത്ത് ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല എന്നും പൊലീസ് പറഞ്ഞു. ശുചിമുറി ക്ലീനർ ആണ് പെൺകുട്ടിയുടെ കയ്യിൽ ഒഴിച്ചത്. എന്നാൽ ആശുപത്രി രേഖകളിൽ കയ്യിലും വയറ്റിലും പൊള്ളലുണ്ട്. ഇന്നലെയാണു കോളജിലേക്കു പോകും വഴി രണ്ടാംവർഷ ബിരുദ വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം ഉണ്ടായതായി കുടുംബം പരാതി നൽകിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത ജിതേന്ദറിന്റെ ഭാര്യ, പെൺകുട്ടിയുടെ അച്ഛൻ തന്നെ പീഡിപ്പിച്ചതായി നൽകിയ പരാതിയാണ് ആസിഡ് ആക്രമണത്തിനു പിന്നിലെ കള്ളക്കഥ പൊളിച്ചത്. ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ പിതാവിനൊപ്പമാണു താൻ ജോലി ചെയ്തിരുന്നതെന്നും അക്കാലത്തു തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും പിന്നീട് സ്വകാര്യ വിഡിയോകൾ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഇതോടെയാണു കേസിൽ കള്ളക്കളി ഉള്ളതായി പൊലീസ് സംശയിച്ചതും കൂടുതൽ അന്വേഷണം നടത്തിയതും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.