National

കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ; നാല് കുട്ടികളെ മാറോടണച്ച് സ്ത്രീ,ചങ്ക് തകർക്കുന്ന കാഴ്ച

ഹൈദരാബാദ്∙ തീപിടിത്തത്തിൽ ചാമ്പലായ വീട്ടിനുള്ളിൽ അഗ്നിരക്ഷാസേനാംഗങ്ങൾ കണ്ടത് അതിദാരുണമായ കാഴ്ച. നാല് കുട്ടികളെയും കെട്ടിപ്പിടിച്ച് മരിച്ച നിലയിൽ കിടക്കുന്ന വയോധികയായ സ്ത്രീയാണ് രക്ഷാസംഘത്തിന് നൊമ്പര കാഴ്ചയായി മാറിയത്. ആകെ 17 പേർ മരിച്ച ഹൈദരാബാദ് ചാർമിനാർ തീപിടിത്തത്തിൽ ഏഴ് മൃതദേഹങ്ങളാണ് ഈ ഒരു വീട്ടിൽനിന്ന് മാത്രം കണ്ടെടുത്തത്. രക്ഷാപ്രവർത്തകരായ മിർ സാഹിദും മുഹമ്മദ് അസ്മത്തുമാണ് ദയനീയമായ ഈ കാഴ്ച കണ്ട് നടുങ്ങിയത്.

‘‘തീപിടിക്കുന്നതിനിടെ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ ആ കെട്ടിടത്തിനുള്ളിൽ കയറിയത്. ഒന്നാം നിലയിലെത്തിയപ്പോൾ, ഒരു സ്ത്രീ തറയിൽ ഇരിക്കുന്നതായി കണ്ടു. കുട്ടികളെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു അവർ. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഒരു ചെറിയ കുഞ്ഞും ഉണ്ടായിരുന്നു. തീപടർന്നപ്പോൾ അവരെ സംരക്ഷിക്കാൻ സ്ത്രീ ശ്രമിച്ചിട്ടുണ്ടാകണം. നിർഭാഗ്യവശാൽ, അവരിൽ ആരും രക്ഷപ്പെട്ടില്ല.’’ – മിർ സാഹിദ് പറയുന്നു.

‘‘അസഹനീയമായ ഒരു കാഴ്ചയായിരുന്നു. ഞങ്ങൾ അവരുടെ മേൽ ഒരു ബെഡ്ഷീറ്റ് വിരിച്ചു. എല്ലാവർക്കും പൊള്ളലേറ്റിരുന്നു. അവിടെ ഞാൻ കണ്ട വാക്കുകള്‍ വിവരിക്കാൻ കഴിയുന്നതല്ല.’’ – അസ്മത്ത് പറഞ്ഞു. അതേ മുറിയിൽനിന്നു രണ്ട് പുരുഷൻമാരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. രക്ഷാപ്രവർത്തകർ തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിന്റെ ചുമർ തകർത്താണ് കെട്ടിടത്തിനുള്ളിലേക്കു പ്രവേശിച്ചത്. വീട്ടിലേക്കു പ്രവേശിക്കുമ്പോഴേക്കും അവിടെ ഉണ്ടായിരുന്ന ഏഴ് പേരും മരിച്ചിരുന്നുവെന്നും രക്ഷാപ്രവർത്തകർ പറയുന്നു.

ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ ഞായറാഴ്ച രാവിലെയാണ് വൻ തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗുൽസാർ ഹൗസിലെ ജ്വല്ലറിയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ജ്വല്ലറികൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽനിന്നു തീ പടർന്നു. വൈകാതെ മുകളിലെ മൂന്നു നിലകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. മുകളിലത്തെ നിലയിലെ മുറികളിൽ താമസിച്ചിരുന്നവരാണ് മരിച്ചവരിൽ കൂടുതൽ പേരും. തീപിടിത്തത്തെ തുടർന്ന് എയർ കണ്ടീഷണറിന്റെ കംപ്രസറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. കെട്ടിടത്തിലേക്കു വഴിയില്ലാതിരുന്നതു കാരണം തീ അണയ്ക്കാൻ വൈകിയിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.