ന്യൂഡൽഹി∙ വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനൊപ്പം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ വിരുന്നിൽ പങ്കെടുത്ത് പ്രതിക റാവൽ. ലോകകപ്പ് പോരാട്ടത്തിനിടെ പരുക്കേറ്റ് ടീമിനു പുറത്തായ പ്രതികയെയും ബിസിസിഐ പ്രധാനമന്ത്രിയുടെ വിരുന്നിലേക്കുള്ള സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. കാലിൽ ബാൻഡേജ് ചുറ്റി വീൽ ചെയറിൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ പ്രതികയ്ക്ക് പ്രത്യേക പരിഗണനയാണു ലഭിച്ചത്.
ഇന്ത്യൻ ഓൾറൗണ്ടർ അമൻജ്യോത് കൗർ നൽകിയ മെഡൽ ധരിച്ചാണ് പ്രതിക ഇന്ത്യൻ സംഘത്തിനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തത്.ലോകകപ്പ് ടീമിൽനിന്നു പുറത്തായതിനാൽ പ്രതികയ്ക്ക് വിജയികൾക്കുള്ള മെഡൽ ലഭിച്ചിരുന്നില്ല. ഇന്ത്യൻ താരങ്ങൾ ഭക്ഷണം കഴിക്കുന്നതിനിടെ പ്രതികയ്ക്ക് പ്രിയപ്പെട്ട ഭക്ഷ്യവിഭവങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എടുത്തു നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പ്രതികയ്ക്ക് എന്തു കഴിക്കാനാണു താൽപര്യം എന്നു ചോദിച്ച ശേഷമാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് ഭക്ഷണം എടുത്തു കൊടുത്തത്. ഭക്ഷണം ഇഷ്ടമായോ എന്നും മോദി പ്രതികയോടു ചോദിക്കുന്നുണ്ട്. ലോകകപ്പ് സെമി ഫൈനൽ മത്സരത്തിനു മുൻപാണ് കാലിൽ പരുക്കേറ്റ പ്രതികയ്ക്കു പകരം ഷെഫാലി വർമയെ ബിസിസിഐ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നത്.














