മോസ്കോ ∙ റഷ്യയിലെ ഉഫ നഗരത്തിൽ 19 ദിവസം മുൻപ് കാണാതായ 22 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം വ്യാഴാഴ്ച അണക്കെട്ടിൽ നിന്ന് കണ്ടെടുത്തു. രാജസ്ഥാനിലെ അൽവാർ ലക്ഷ്മൺഗഡിലെ കഫൻവാഡ ഗ്രാമത്തിൽ നിന്നുള്ള അജിത് സിങ് ചൗധരി ബഷ്കീർ സ്റ്റേറ്റ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥി ആയിരുന്നു. ഒക്ടോബർ 19 ന് പാൽ വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞ് രാവിലെ 11 മണിയോടെ വിദ്യാർഥി ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയെങ്കിലും തിരിച്ചെത്തിയില്ലെന്നാണ് സഹവാസികൾ പറയുന്നത്.
വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിലാണ് അജിത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. മരണം കുടുംബത്തെ അറിയിച്ചു.19 ദിവസം മുൻപ് അജിത്തിന്റെ വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, ഷൂസ് എന്നിവ നദീതീരത്ത് നിന്ന് കണ്ടെത്തിയിരുന്നതായി മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആൽവാർ പറഞ്ഞു. അജിത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ, ഫോറിൻ മെഡിക്കൽ സ്റ്റുഡന്റ്സ് വിങ്, ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷന്റെ വിദേശ വിഭാഗം എന്നീ സംഘടനകൾ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ സമീപിച്ചു. വിദ്യാർഥിയുടെ മരണത്തെ കുറിച്ച് സർവകലാശാല ഇതുവരെ പ്രസ്താവന ഇറക്കിയിട്ടില്ല. സഹപാഠികളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.














