ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയിൽനിന്ന് കിട്ടുന്ന ജീവനാംശം പോരെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ച് മുൻ ഭാര്യ ഹസിൻ ജഹാൻ. കോടതി നിർദേശപ്രകാരം നാലു ലക്ഷം രൂപയാണ് ഹസിൻ ജഹാനും മകൾക്കുമായി ഷമി മാസം നൽകുന്നത്. ഇതില്‍ ഒന്നര ലക്ഷം രൂപ ഹസിൻ ജഹാനും, രണ്ടര ലക്ഷം മകൾക്കു വേണ്ടിയുമാണ്. മാസം ലഭിക്കുന്ന തുക വർധിപ്പിച്ചു നൽകണമെന്നാണ് ഹസിന്‍ ജഹാന്റെ പുതിയ ആവശ്യം. ഹസിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചതോടെ മുഹമ്മദ് ഷമിക്കും ബംഗാൾ സർക്കാരിനും നോട്ടിസ് അയച്ചു.
ഹസിൻ ജഹാന്റെ ഹർജിയിൽ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. അതിനു ശേഷം കേസ് വീണ്ടും പരിഗണിക്കും. ഷമിയുടെ വരുമാനവും ജീവിതരീതിയും പരിഗണിക്കുമ്പോൾ തങ്ങൾക്കു ലഭിക്കുന്ന തുക തീരെ കുറഞ്ഞുപോയെന്നാണ് ഹസിൻ ജഹാന്റെ പരാതി. എന്നാൽ മാസം നാല് ലക്ഷം എന്നതു വലിയ തുകയല്ലേയെന്ന് കോടതി ഹസിൻ ജഹാനോടു ചോദിച്ചു.‘‘ഭർത്താവ് ഒരുപാട് പണം സമ്പാദിക്കുന്നുണ്ട്. കോടികൾ മൂല്യമുള്ള ഒരുപാട് സ്വത്തുക്കൾ ഷമിക്കുണ്ട്. ആഡംബര കാറുകളുണ്ട്. ഇടയ്ക്കിടെ വിദേശ യാത്രകൾ നടത്തുന്നുണ്ട്. അദ്ദേഹം ആഡംബരം നിറഞ്ഞ ജീവിതശൈലിയാണ് പിന്തുടരുന്നത്. അതിന്റെയെല്ലാം സത്യവാങ്മൂലങ്ങൾ സമർപ്പിച്ചിട്ടുണ്ട്.’’– ഹസിൻ ജഹാന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഷമിയുടെ വരുമാനം പരിഗണിക്കുമ്പോൾ ലഭിക്കുന്ന ജീവനാംശം വളരെ കുറവാണെന്നും ഹസിൻ ജഹാന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
കുടുംബ കോടതിയുടേയും കൊൽക്കത്ത ഹൈക്കോടതിയുടേയും നിർദേശമുണ്ടായിട്ടും പല മാസങ്ങളിലും ഷമി പണം നൽകുന്നതിൽ വീഴ്ച വരുത്തുന്നതായി ഹസിൻ ജഹാന്റെ ഹർജിയിൽ ആരോപിക്കുന്നു. തന്റെ ഒപ്പമുള്ള ഷമിയുടെ മകൾ, പിതാവിന്റെ അതേ നിലവാരമുള്ള ജീവിതം അർഹിക്കുന്നുണ്ടെന്നും ഹസിൻ ജഹാൻ ഹർജിയിൽ പറയുന്നു. 2018ലാണ് ഷമിക്കും കുടുംബത്തിനുമെതിരെ ഹസിൻ ജഹാൻ നിയമപോരാട്ടം തുടങ്ങിയത്. ആദ്യം ഷമിക്കെതിരെ ഗാർഹിക പീഡനക്കേസ് കൊടുത്ത ഹസിൻ ജഹാൻ, പിന്നീട് താരത്തില്‍നിന്ന് വൻതുക ജീവനാംശമായി ആവശ്യപ്പെടുകയായിരുന്നു.














