തിരുവനന്തപുരം ∙ ട്രെയിനിലോ റെയിൽവേ സ്റ്റേഷനുകളിലോ ഫോൺ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ സഹായവുമായി റെയിൽവേ സുരക്ഷാ സേന. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച് ആർപിഎഫ് പ്രചാരണം ആരംഭിച്ചു. സ്റ്റേഷനുകളിൽ വച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഗൂഗിളിന്റെ ഫൈൻഡ് ഹബ് ആപ് വഴിയാണു ലൊക്കേഷൻ കണ്ടെത്താൻ കഴിയുക. ടെലികോം വകുപ്പിന്റെ സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ) പോർട്ടൽ വഴിയും ഐഎംഇഐ നമ്പർ ഉപയോഗിച്ചു ഫോൺ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള സൗകര്യം നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
ഈ സംവിധാനം വഴി 120 ഫോണുകൾ ദക്ഷിണ റെയിൽവേയിൽ വീണ്ടെടുത്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. യാത്രക്കാരെ ബോധവൽക്കരിക്കാനായി വിവിധ മോഷണ രീതികൾ വ്യക്തമാക്കുന്ന വിഡിയോയുടെ ക്യുആർ കോഡും മുന്നറിയിപ്പ് ബോർഡിലുണ്ട്. നഷ്ടപ്പെട്ട ഫോണുകൾ പുതിയ സിം ഇട്ട് എവിടെയെങ്കിലും പിന്നീട് ഉപയോഗിച്ചുവെന്നു കണ്ടെത്തിയാൽ ആർപിഎഫ് അവിടെനിന്നു വീണ്ടെടുത്തു ഉടമയ്ക്കു നൽകും.














