ബെംഗളൂരു: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തമിഴ്നാട്-കർണാടക അതിർത്തിയായ ബാഗലൂരുവിൽ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രാഹുൽ കർണാടകയിലേക്ക് കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
പാലക്കാട്ടുനിന്ന് ചുവന്ന പോളോ കാറിലാണ് രാഹുൽ രക്ഷപ്പെട്ടതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ എവിടേക്കാണ് രാഹുൽ കടന്നത് എന്ന് കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞദിവസം രാവിലെയാണ് ഹൊസൂരിന് സമീപത്തുള്ള ബാഗലൂരുവിലെ രാഹുലിന്റെ ഒളിയിടം പോലീസ് കണ്ടെത്തിയത്. ഉടനെ കോയമ്പത്തൂരിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന സംഘം ബാഗലൂരുവിലേക്ക് തിരിക്കുകയായിരുന്നു. എന്നാൽ, പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രാഹുൽ ഇവിടെനിന്ന് രക്ഷപ്പെട്ടു. കർണാടകയിലേക്ക് കടന്നതായാണ് വിവരം.
അന്വേഷണസംഘം എത്തുമ്പോൾ ഒളിയിടത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയ കാർ ഉണ്ടായിരുന്നു. ഇതിലെ ഡ്രൈവർ അന്വേഷണ സംഘത്തെ കണ്ടതോടെ ഓടി രക്ഷപ്പെട്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇയാളെ കണ്ടെത്താനായി അന്വേഷണസംഘം പരിശോധന നടത്തുകയാണ്. കാർ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. ഒളിയിടത്തിൽ നിന്ന് മറ്റൊരു കാറിൽ രാഹുൽ കർണാടകയിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.













