National

ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

ന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുകയായിരുന്നു.

ബംഗാളിലെ മാൾഡയിൽ വെള്ളിയാഴ്ച ജില്ലാ ഭരണകൂടത്തിലെ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഒമ്പത് മാസം ഗർഭിണിയായ സോണാലി ഖാത്തൂണും മകനും ഇന്ത്യയിലേക്കു തിരികെ പ്രവേശിച്ചത്. ജൂൺ 27 നായിരുന്നു അനധികൃതമായി രാജ്യത്ത് കടന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന് ആരോപിച്ച് ഡൽഹി പൊലീസ് സോണാലിയും മകനും ഭർത്താവും ഉൾപ്പെടെ 6 പേരെ അറസ്റ്റ് ചെയ്ത ശേഷം ബംഗ്ലാദേശിലേക്കു നാടുകടത്തിയത്. എന്നാൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സോണാലിയെ തിരികെ കൊണ്ടുവരാൻ കേന്ദ്രത്തോട് നിർദ്ദേശിക്കുകയായിരുന്നു.

സോണാലിയുടെ പിതാവ് ഭോദു ഷെയ്ക്കിന്റെ ഇന്ത്യൻ പൗരത്വം ചോദ്യം ചെയ്യപ്പെടാത്തതിനാൽ, പൗരത്വ നിയമപ്രകാരം സോണാലിയും കുട്ടികളും ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞിരുന്നു. ബുധനാഴ്ച മാൾഡയിൽ നടന്ന എസ്‌ഐആർ വിരുദ്ധ റാലിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സോണാലിയുടെ നാടുകടത്തലിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ‘‘ഇന്ത്യൻ പൗരന്മാരെ എങ്ങനെയാണ് ബംഗ്ലാദേശി എന്ന് മുദ്രകുത്തുന്നത്? സോണാലി ഖാത്തൂൺ ബംഗ്ലാദേശിയായിരുന്നോ? അവർ ഇന്ത്യക്കാരിയായിരുന്നു. ഇന്ത്യൻ രേഖകൾ ഉണ്ടായിരുന്നിട്ടും, ബിഎസ്എഫിനെ ഉപയോഗിച്ച് നിങ്ങൾ അവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തി’’ – മമതാ ബാനർജി തുറന്നടിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.