നെയ്യാറ്റിൻകര ∙ 9–ാം ക്ലാസ് വിദ്യാർഥിയായ ഏക മകൾ പിതാവിന്റെ ക്രൂരമർദനത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചു. കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും നില ഗുരുതരമല്ലെന്നും ഡോക്ടർമാർ പറഞ്ഞു. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരം മദ്യപനായ പിതാവ് ഭാര്യയെയും മകളെയും ഒന്നര വർഷമായി മർദിക്കുകയും അർധരാത്രി വീട്ടിൽനിന്ന് ഇറക്കി വിടുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസവും മർദിച്ചപ്പോഴാണു മകൾ ജീവനൊടുക്കാൻ ശ്രമിച്ചത്. ഭാര്യയ്ക്കു തലയിലും കയ്യിലും മുഖത്തും പരുക്കുണ്ട്.
ചൈൽഡ് ലൈനിലും നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലും പലവട്ടം പരാതി നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഓഫിസിൽ വരെ പരാതിപ്പെട്ടിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്നു പെൺകുട്ടി ബന്ധുവിന് അയച്ച ഫോൺ സന്ദേശത്തിൽ പറയുന്നു. പിതാവിനെ വിളിച്ചുവരുത്തി താക്കീതു നൽകി വിടുക മാത്രമാണ് പൊലീസ് ചെയ്തത്. പിതാവ് പഠിക്കാൻ അനുവദിച്ചില്ല. സ്കൂളിൽ പോകരുതെന്ന് വിലക്കി, പുസ്തകങ്ങൾ വലിച്ചു കീറി, തുടങ്ങിയ വിവരങ്ങളും കുട്ടി ഫോൺ സന്ദേശത്തിൽ ബന്ധുവിനോട് പങ്കുവച്ചിട്ടുണ്ട്. ദേശീയപാത വീതി കൂട്ടാൻ തന്റെ സ്ഥലം ഏറ്റെടുത്ത വകയിൽ ലഭിച്ച 16.50 ലക്ഷം രൂപയും ഭർത്താവ് നശിപ്പിച്ചതായി ഭാര്യ ആരോപിച്ചു. തുടർന്ന് റോഡരികിലെ മൂന്നര സെന്റ് കൂടി വിൽക്കണമെന്ന് ആവശ്യപ്പെട്ടു. അതിനെ എതിർത്തതിന്റെ തുടർച്ചയായിരുന്നു മർദനം.














