Kerala

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം: എല്ലാ തിങ്കളാഴ്ചയും ഹാജരാകണം

തിരുവനന്തപുരം ∙ ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നു കാട്ടി, ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്.നസീറ ആണ് ഹര്‍ജി പരിഗണിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. ഇതോടെ ദിവസങ്ങളായി ഒളിവില്‍ കഴിയുന്ന രാഹുലിന് കേരളത്തിലേക്ക് എത്താന്‍ കഴിയും. ബലാത്സംഗക്കേസില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.

ആദ്യം റജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി കേസ് വീണ്ടും 15നാണ് പരിഗണിക്കുന്നത്. വിവാഹക്കാര്യം പറഞ്ഞ് രാഹുല്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി മൊഴി നല്‍കിയിരുന്നു. ലൈംഗികപീഡനം ചൂണ്ടിക്കാട്ടി കെപിസിസി നേതൃത്വത്തിന് യുവതി അയച്ച ഇ-മെയില്‍ പൊലീസിനു കൈമാറിയതോടെയാണ് രാഹുലിനെതിരെ കേസെടുത്തത്. തുടര്‍ന്ന് ജി. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ഹോം സ്‌റ്റേയിലെത്തിച്ച് ബലം പ്രയോഗിച്ചു രാഹുല്‍ ക്രൂരമായി ലൈംഗികപീഡനത്തിനിരയാക്കിയെന്ന മൊഴിയാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുലിന് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

2023 സെപ്റ്റംബറില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണു രാഹുല്‍ ആദ്യം തനിക്കു സന്ദേശമയച്ചതെന്നു യുവതി പൊലീസിനു മൊഴി നല്‍കിയെന്നാണു വിവരം. തന്റെ ടെലിഗ്രാം അക്കൗണ്ട് നമ്പര്‍ ചോദിച്ചുവാങ്ങി അതുവഴി സന്ദേശങ്ങളയച്ചു. വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. വീട്ടുകാര്‍ക്ക് ആദ്യം താല്‍പര്യമില്ലായിരുന്നെങ്കിലും പിന്നീട് സമ്മതിച്ചു. അവധിക്കു ബെംഗളൂരുവില്‍ നിന്നു നാട്ടിലെത്തിയ തന്നെ വീട്ടിലെത്തുന്നതിനു മുന്‍പ് ഒറ്റയ്ക്കു കാണണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്നു പറഞ്ഞായിരുന്നു ഇത്. ഫെനി നൈനാനൊപ്പം കാറിലെത്തിയ രാഹുല്‍, നഗരത്തില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ ഒറ്റപ്പെട്ട സ്ഥലത്തുള്ള ഹോംസ്റ്റേയില്‍ തന്നെ എത്തിച്ചു.

സുഹൃത്തിന്റെ ഹോംസ്റ്റേ ആണെന്നും ജനങ്ങള്‍ക്ക് തന്നെ അറിയാവുന്നതിനാല്‍ സ്വകാര്യതയുറപ്പാക്കാനാണ് അവിടേക്കു വന്നതെന്നും അറിയിച്ചു. അകത്തുകയറിയ ഉടന്‍ രാഹുല്‍ തന്നെ കടന്നുപിടിച്ച് ബലാത്സംഗം ചെയ്തു. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബലംപ്രയോഗിച്ചു പീഡിപ്പിച്ചു. കടുത്ത ശാരീരിക, മാനസിക പീഡനമാണ് നേരിട്ടത്. അതിനു ശേഷം തന്നെ വിവാഹം ചെയ്യാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. ഭാര്യയ്ക്കും മക്കള്‍ക്കുമാവശ്യമായ ശ്രദ്ധ നല്‍കാന്‍ തന്റെ രാഷ്ട്രീയജീവിതം അനുവദിക്കില്ലെന്നാണു കാരണം പറഞ്ഞത്. തുടര്‍ന്ന് തന്നെ കാറില്‍ വീടിനു സമീപം ഇറക്കിവിട്ടു. കാണണമെന്നറിയിച്ച് ഏതാനുംനാളുകള്‍ക്കു ശേഷം രാഹുല്‍ വീണ്ടും തന്നെ വിളിച്ചു. ഗര്‍ഭിണിയാക്കണമെന്നു പറഞ്ഞു. പിന്നീട് പതിവായി സന്ദേശങ്ങളയച്ചെന്നും യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുന്നു. കേരളത്തിലും കര്‍ണാടകയിലുമായി ദിവസങ്ങളോളം അരിച്ചുപെറുക്കിയിട്ടും അദ്ദേഹത്തെ കണ്ടെത്താന്‍ പൊലീസിനു സാധിച്ചിട്ടില്ല. ഒളിവില്‍ കഴിയാന്‍ രാഹുലിനെ സഹായിച്ച 4 പേരെ നേരത്തേ അറസ്റ്റ് ചെയ്‌തെങ്കിലും രാഹുല്‍ എവിടെയാണെന്ന കാര്യത്തില്‍ അന്വേഷണസംഘത്തിന് ഇനിയും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.