ഹൈദരാബാദ് ∙ തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ രണ്ടാം വർഷ എൻജിനിയറിങ് വിദ്യാർഥിയെ കാമുകിയുടെ കുടുംബം മർദിച്ചു കൊലപ്പെടുത്തി. മൈസമ്മഗുഡയിലെ സെന്റ് പീറ്റേഴ്‌സ് എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് പഠിക്കുന്ന ജ്യോതി ശ്രാവൺ സായ് ആണ് കൊല്ലപ്പെട്ടത്. ബീരാംഗുഡയിലെ ഇസുകബാവിയിൽ താമസിക്കുന്ന 19 വയസ്സുകാരിയായ ശ്രീജയുമായി ശ്രാവൺ പ്രണയത്തിലായിരുന്നുവെന്ന് അമീൻപൂർ സർക്കിൾ ഇൻസ്പെക്ടർ നരേഷ് പറഞ്ഞു.
ശ്രീജയുടെ കുടുംബത്തിൽ നിന്ന് ഇരുവരുടെയും ബന്ധത്തിന് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. അവർ ജ്യോതി ശ്രാവണിനു പലതവണ മുന്നറിയിപ്പും നൽകിയിരുന്നു. സംഭവ ദിവസം ശ്രീജയുടെ മാതാപിതാക്കൾ ജ്യോതി ശ്രാവണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ദമ്പതികളുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ജ്യോതി എത്തിയ ഉടനെ, കുടുംബത്തിലുള്ളവർ പെട്ടെന്ന് ആക്രമിക്കുകയും ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. മർദ്ദനത്തിൽ ജ്യോതി ശ്രാവണിന്റെ തലയ്ക്ക് പരുക്കേൽക്കുകയും കാലിനും വാരിയെല്ലുകൾക്കും ഒടിവുകൾ സംഭവിക്കുകയും ചെയ്തു.
കുക്കാട്ട്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ആക്രമണത്തിനു പിന്നിലെ കാരണത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മറ്റ് കുടുംബാംഗങ്ങൾക്ക് ഇതിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.













