Kerala

കുട്ടികൾക്ക് മരുന്ന് കൊടുക്കുമ്പോൾ കരുതൽ വേണം, ഡോസ് അമിതമായാൽ അപകടമെന്ന് ഡോക്ടർ

കുട്ടികൾക്ക് പനിയോ, ചുമയോ, ജലദോഷമോ ഒക്കെ വരുമ്പോൾ സ്വയംചികിത്സിക്കുന്ന ചില മാതാപിതാക്കളുണ്ട്. ഡോക്ടർ നേരത്തേ കുറിച്ച മരുന്ന് നൽകുകയും ലക്ഷണങ്ങൾ വഷളാവുമ്പോൾ മാത്രം ആശുപത്രിയിലെത്തിക്കുകയുമാണ് ചെയ്യുക. പലപ്പോഴും കുട്ടികൾ ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിലേക്ക് എത്തപ്പെടുന്നത് രോഗതീവ്രത കൊണ്ടല്ല മറിച്ച് വീട്ടിൽവച്ച് തെറ്റായരീതിയിലും അമിതമായുമൊക്കെ മരുന്ന് നൽകുന്നതുകൊണ്ടാണെന്നും പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള ശിശുരോഗ വിദഗ്ധ ഡോ. ശിവരഞ്ജിനി സന്തോഷ്.

കുട്ടികൾക്ക് അമിത ഡോസ് മരുന്ന് നൽകുന്ന രീതി നിശബ്ദവും അപകടകരവുമായ ട്രെൻ‍ഡായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഡോ.ശിവരഞ്ജിനി പറയുന്നു. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ശിവരഞ്ജിനി ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. മരുന്ന് നൽകിയില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ തെറ്റായ ഡോസോ, കൂടിയ ഡോസോ കൊടുക്കരുതെന്നാണ് ഡോ.ശിവരഞ്ജിനി പറയുന്നത്.

കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കാണുമ്പോഴേക്കും ആശങ്കയിലായി പെട്ടെന്ന് മരുന്ന് കൊടുക്കുന്നവരാണ് മിക്ക മാതാപിതാക്കളും. പലപ്പോഴും നിർദേശിക്കുന്നതിനേക്കാൾ പത്തിരട്ടി പോലും നൽകുന്ന സാഹചര്യമുണ്ടാകാറുണ്ടെന്നും ഡോക്ടർ പറയുന്നു.കൂടിയ ഡോസ് മരുന്ന് ശരീരത്തിലെത്തുന്നതിലൂടെ കുട്ടി കോമയിലാവുകയോ ശ്വാസതടസ്സം, ചുഴലി തുടങ്ങിയവ പോലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഡോക്ടർ പറയുന്നുണ്ട്. ഇന്ത്യയിൽ പാരസെറ്റാമോൾ, ജലദോഷത്തിനുള്ള മരുന്നുകൾ, ചുമ മരുന്നുകൾ, ഛർദിക്ക് നൽകുന്ന മരുന്നുകൾ തുടങ്ങിയവ ഒരേ പേരോടെ വ്യത്യസ്ത ചേരുവകളോടെ ലഭ്യമാണ്. മാതാപിതാക്കൾ ഇവ ശ്രദ്ധിക്കാതെ തെറ്റായ ഡോസ് നൽകുകയും കുട്ടിയുടെ ആരോഗ്യാവസ്ഥ മോശമാവുകയും ചെയ്യുമെന്ന് ഡോ. ശിവരഞ്ജിനി പറയുന്നു.

മാതാപിതാക്കൾ പ്രധാനമായും ചെയ്യാറുള്ള അപകടകരമായ ചില തെറ്റുകളേക്കുറിച്ചും ഡോ.ശിവരഞ്ജിനി പറയുന്നുണ്ട്. സിറപ്പുകൾ ഉപയോഗിക്കുമ്പോൾ അവ എത്ര ഡ്രോപ്സ് എന്നത് കൃത്യമായി പരിശോധിക്കാത്തതും ഒരേപേരിൽ വ്യത്യസ്ത ചേരുവകൾ ഉള്ള മരുന്നുകൾക്ക് ഒരേ ഉപയോഗമെന്ന് തെറ്റിദ്ധരിക്കുന്നത്, നാലുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് പലമരുന്നുകളും കൊടുക്കരുതെന്ന അറിവില്ലാതെ അവ നൽകുന്നത്, ഒരേദിവസം തന്നെ ഒന്നിലേറെ കഫ് സിറപ്പുകൾ നൽകുന്നത്, പാരാസെറ്റാമോളിന്റെ വ്യത്യസ്ത ഡോസുകളിലുള്ളവ തിരിച്ചറിയാതെ ഉപയോഗിക്കുന്നത് തുടങ്ങിയവയാണവ.

പ്രിസ്ക്രിപ്ഷൻ, ലേബൽ, എക്സ്പയറി ‍ഡേറ്റ് തുടങ്ങിയവ കൃത്യമായി പരിശോധിക്കുക, കുട്ടികളുടെ കൈയെത്തുന്ന ദൂരത്തുനിന്ന് മരുന്നുകൾ മാറ്റുക, ഓൺലൈനിലൂടെ ലഭ്യമാകുന്ന അശാസ്ത്രീയമായ നിർദേശങ്ങൾ സ്വീകരിക്കാതിരിക്കുക തുടങ്ങിയവ പ്രധാനമാണെന്നും ഡോ.ശിവരഞ്ജിനി കൂട്ടിച്ചേർക്കുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.