കൽപ്പറ്റ: കേരളത്തിലും കർണാടകത്തിലും മയക്കുമരുന്ന് വിപണനം നടത്തിവരുന്ന രാജ്യാന്തര ശൃംഖലയിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശി പിടിയിൽ. മുഹമ്മദ് ജാമിയു അബ്ദു റഹീം ആണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്.വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
വയനാട്ടിൽ രജിസ്റ്റർ ചെയ്ത വിവിധ ‘കൊമേഴ്സ്യൽ ക്വാണ്ടിറ്റി’ മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ലഹരി എത്തിച്ചുനൽകിയിരുന്നത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. പ്രതികളിൽ നിന്നും പണം കൈപ്പറ്റി ബെംഗളൂരു കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിതരണം നടത്തിവരികയായിരുന്നു ഇയാൾ.













