വിരാജ്പേട്ട: അഞ്ചുവയസ്സുകാരിയായ മകളടക്കം സ്വന്തം കുടുംബത്തിലെ നാലുപേരെ നിഷ്ഠൂരമായി വെട്ടിക്കൊന്ന കേസിൽ വയനാട് സ്വദേശിയായ യുവാവിന് കർണാടക കോടതി വധശിക്ഷ വിധിച്ചു.
വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്പേട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. നടരാജ് ശിക്ഷിച്ചത്.കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ വെച്ച് ഭാര്യ നാഗി (30), അഞ്ചുവയസ്സുള്ള മകള്‍ കാവേരി, ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഈ വർഷം മാർച്ച് 27-നായിരുന്നു നാടിനെ നടുക്കിയ സംഭവം.ഭാര്യയുടെ ചാരിത്ര്യത്തിലുള്ള സംശയവും, മദ്യപിക്കാനുള്ള പണം നൽകാത്തതിലുള്ള വൈരാഗ്യവുമാണ് കൂട്ടക്കൊലയിൽ കലാശിച്ചത്. കൃത്യത്തിന് ശേഷം കണ്ണൂരിലേക്ക് കടന്ന പ്രതിയെ ഇരിട്ടിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്.













